ലഖ്നൗ: അയോധ്യ ഭൂമി ഇടപാടിലെ ആരോപണങ്ങളിൽ അതൃപ്തി അറിയിച്ച് നിർവാണി അനി അഖാരയിലെ മഹന്ത് ധരം ദാസ്. രാമജന്മഭൂമി ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറി ചമ്പത് റായിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും അംഗങ്ങളെ നീക്കി ട്രസ്റ്റ് വീണ്ടും രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ധരം ദാസ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്ത് അയച്ചു.
ധർമ്മശാലകൾ പണിയുന്നതിനും കച്ചവടം നടത്തുന്നതിനുമല്ല ആളുകൾ പണം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. 1984-85 ൽ ശില പൂജക്ക് വേണ്ടി നൽകിയ സംഭാവനകളെക്കുറിച്ച് ചോദ്യം ധരം ദാസ് സംശയം ഉന്നയിച്ചു. ഈ സംഭാവന ഉപയോഗിച്ച് ട്രസ്റ്റ് ഒരു സാമ്രാജ്യം തന്നെ വാങ്ങി. അവർ ആർക്കാണ് ഇവ വാങ്ങിയതെന്നും ധരം ദാസ് ചോദിച്ചു.
ട്രസ്റ്റിനെതിരെ നിർവാണി അനി അഖാര
രാജ്യം മുഴുവൻ പ്രതിസന്ധിയിൽ തുടരുമ്പോൾ രാമജന്മഭൂമി ട്രസ്റ്റ് സംഭാവന പണം പാഴാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ കോവിഡ് സാഹചര്യത്തിന് കാരണം ഈ ട്രസ്റ്റ് ആണെന്നും ധരം ദാസ് പറഞ്ഞു. ട്രസ്റ്റ് രൂപീകരിച്ചതു മുതൽ രാജ്യം പൂട്ടിയിരിക്കുകയാണെന്നും വൈറസ് പടരുകയാണെന്നും, ട്രസ്റ്റിലെ അഴിമതിക്കാരുടെ പാപങ്ങളാൽ മുഴുവൻ രാജ്യവും ദുരിതം അനുഭവിക്കുകയാണെന്നും ധരം ദാസ് ആരോപിച്ചു.
Also read: അയോധ്യ ഭൂമി തട്ടിപ്പ്; ട്രസ്റ്റിന്‍റെ ഭൂമി ഇടപാടുകൾ സുതാര്യമെന്ന് ആർഎസ്എസ്
അഴിമതിക്കാരായ ട്രസ്റ്റ് അംഗങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ താൻ സുപ്രീം കോടതിയിലേക്ക് പോകുമെന്നും ധരം ദാസ് പറഞ്ഞു.
എന്താണ് അയോധ്യ ഭൂമി തട്ടിപ്പ് ആരോപണം?
രാമജന്മഭൂമി ട്രസ്റ്റ് രണ്ടുകോടി രൂപ മാത്രം മൂല്യമുള്ള ഭൂമി 18 കോടി കൊടുത്തുവാങ്ങിയെന്നാണ് പ്രധാന ആരോപണം. ഭൂമി റജിസ്ട്രര്‍ ചെയ്യുമ്പോള്‍ കാണിച്ചിരിക്കുന്നത് 2 കോടിയാണ് എന്നാല്‍ റജിസ്ട്രേഷന്‍ കഴിഞ്ഞ് അഞ്ച് മിനുട്ടിന് ശേഷം ഭൂമിയുടെ ഉടമയ്ക്ക് 16.5 കോടി കൂടി നല്‍കിയെന്നാണ് ആരോപണം. ഈ രണ്ട് പണമിടപാടും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിയുടെ പേരിലാണ് നടന്നത് എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.