ബഹരംപൂർ (പശ്ചിമ ബംഗാൾ) : 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഒമ്പത് ശിശുക്കൾ. മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം (Nine newborns die in 24 hours). ആശുപത്രിയിലെ സിക്ക് ന്യൂബോൺ കെയർ യൂണിറ്റിലും (Sick Newborn Care Unit-SNCU) പീഡിയാട്രിക് ഇന്‍റൻസീവ് കെയർ യൂണിറ്റിലുമാണ് (Paediatric Intensive Care Unit-PICU) സംഭവം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ജംഗിപൂർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ എസ്എൻസിയു വാർഡിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ശിശുക്കളെ മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തിരുന്നത്. പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണം വർധിച്ചതോടെ ആശുപത്രിക്ക് മേൽ സമ്മർദം സൃഷ്‌ടിച്ചു.
'പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, ഇവിടെ പ്രവേശിപ്പിച്ച കുട്ടികളിൽ ഭൂരിഭാഗവും ഭാരക്കുറവും പോഷകാഹാരക്കുറവും ഉള്ളവരായിരുന്നു, ആശുപത്രി അതോറിറ്റിയുടെ ഭാഗത്ത് ഒരു അനാസ്ഥയും ഉണ്ടായിട്ടില്ല' -മുർഷിദാബാദ് മെഡിക്കൽ കോളജ് ആൻഡ് ഹോസ്‌പിറ്റൽ മെഡിക്കൽ സൂപ്രണ്ട് കം വൈസ് പ്രിൻസിപ്പൽ അനാദി റോയ് പറഞ്ഞു
മുർഷിദാബാദ് മെഡിക്കൽ കോളജിൽ (Murshidabad Medical College) നിന്നും 55 കിലോമീറ്റർ അകലെയുള്ള ജംഗിപൂർ ഡിവിഷണൽ ഹോസ്‌പിറ്റൽ (Jangipur Divisional Hospital) നവീകരണത്തിലാണ്, അതിനാൽ എല്ലാ കേസുകളും തങ്ങളിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇത് ആശുപത്രി ജീവനക്കാരിൽ വളരെയധികം സമ്മർദം വർധിപ്പിച്ചു. അന്വേഷണം ആരംഭിച്ചതായും അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷമേ വിശദാംശങ്ങൾ അറിയാന്‍ സാധിക്കൂ എന്നും റോയ് പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ ഒമ്പത് ശിശുക്കൾ മരിച്ചെന്ന വാർത്ത പരന്നതോടെ മരിച്ച കുട്ടികളുടെ കുടുംബങ്ങൾ ആശുപത്രിയിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്‌തു. അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്‌ച സമർപ്പിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളതായാണ് വിവരം.
ആരോഗ്യ പ്രശ്‌നങ്ങളോടെയുള്ള ജനനം : ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് പ്രതിവർഷം എട്ട് മില്യൺ നവജാത ശിശുക്കൾ ശാരീരിക വെല്ലുവിളികളോടെ ജനിക്കുന്നു. ഇന്ത്യയിൽ ഈ കണക്ക് 1.7 ദശലക്ഷത്തിലധികമാണ്. ജന്മസ്ഥലം, വംശം എന്നിങ്ങനെ വ്യത്യാസങ്ങളേതുമില്ലാതെ ആരോഗ്യപ്രശ്‌നങ്ങളുമായി കുട്ടികള്‍ പിറന്നുവീഴുന്നുണ്ട്.
കൂടാതെ സിഡിസി (സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ) റിപ്പോര്‍ട്ട് അനുസരിച്ച് ലോകമെമ്പാടുമുള്ള നവജാതശിശുക്കളിലും കൊച്ചുകുട്ടികളിലും മരണത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി ജന്മനാലുള്ള ബുദ്ധിമുട്ടുകള്‍ കണക്കാക്കപ്പെടുന്നു. നവജാത ശിശു മരണങ്ങളുടെ ഏകദേശം 12 ശതമാനം ജന്മനാലുള്ള രോഗാവസ്ഥകള്‍ കാരണമാണ്.
ഇത് നവജാതശിശു മരണത്തിന്‍റെ നാലാമത്തെ ഏറ്റവും പ്രധാനപ്പെട്ട കാരണവുമാണ്. 2010 നും 2019 നും ഇടയിൽ, ജനന വൈകല്യങ്ങളുടെയും ശിശുമരണങ്ങളുടെയും അനുപാതം 6.2 ശതമാനത്തിൽ നിന്ന് 9.2 ശതമാനമായി വർധിച്ചിട്ടുണ്ട്. 2019 ൽ 1,17,000 മരണങ്ങളാണ് ജനന വൈകല്യങ്ങളാൽ സംഭവിച്ചത്.
ALSO READ: ആരോഗ്യ പ്രശ്‌നങ്ങളോടെയുള്ള ജനനം : ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടവ