ലുധിയാന: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ലുധിയാന ജില്ലാ ഭരണസമിതി. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് നിരോധനാജ്ഞ. രാത്രിയുളള അനാവശ്യ ആൾക്കൂട്ടം ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനമെന്ന് ലുധിയാന ഡെപ്യൂട്ടി കമ്മീഷണര്‍ വരീന്ദർ ശർമ പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. മുന്‍പ് 4000 സാമ്പിളുകള്‍ പരിശോധിക്കുമ്പോള്‍ ഒരു ശതമാനം മാത്രമായിരുന്നു പോസിറ്റീവാകുന്നത്. എന്നാല്‍ ഇപ്പോള്‍ അഞ്ച് മുതല്‍ ആറ് ശതമാനം വരെയാണ് കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും വരീന്ദര്‍ ശര്‍മ പറഞ്ഞു.
ഇന്ത്യയിലെ കൊവിഡ് കണക്കുകൾ ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,726 പുതിയ കേസുകളും 154 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നത്.