ന്യൂഡൽഹി: കേരളത്തില്‍ സമുദായ നേതാക്കളേയും ആരാധനാലയങ്ങളേയും ലക്ഷ്യമിട്ട് വന്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് സംഘത്തിന്‍റെ രഹസ്യ പദ്ധതി എന്‍ഐഎ തകര്‍ത്തു. ലഭ്യമായ രഹസ്യ വിവരത്തെത്തുടര്‍ന്ന് എന്‍ഐഎ, തീവ്രവാദ വിരുദ്ധ സ്ക്വാഡ്, ഇന്‍റലിജന്‍സ് ബ്യൂറോ സംഘങ്ങള്‍ ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇതുപ്രകാരം തമിഴ്‌നാട്ടിലെ സത്യമംഗലത്തെ ഒളിവുസങ്കേതത്തില്‍ നിന്ന് ആദ്യം ഒരു മലയാളി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആഷിഫ് എന്ന മതിലകത്ത് കോടയില്‍ അഷ്റഫ് ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്‌തതില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇന്നലെ ആഷിഫിന്‍റെ വീട്ടിലും കേരളത്തിലെ മറ്റ് നാലിടങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്‌ഡ് നടത്തി. കേരളത്തില്‍ തൃശൂരിലും പാലക്കാടുമായാണ് നാല് സ്ഥലങ്ങളിൽ എന്‍ഐഎ പരിശോധന നടത്തിയത്. തൃശൂരില്‍ സയിദ് നബീല്‍ അഹമ്മദ്, ഷിയാസ് അഹമ്മദ്, ഷിയാസ് ടിഎസ്, പാലക്കാട്ട് റിയാസ് എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ് നടന്നത്.
ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരിക്കുകയായിരുന്നു സംഘത്തിന്‍റെ പ്രധാന ജോലി. ഇതിന് പുറമെ സംഘം കവര്‍ച്ചകളും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്തുകയും ചെയ്‌തിരുന്നതായി എന്‍ഐഎ അറിയിച്ചു. കേരളത്തിലെ ഏതാനും പ്രധാനപ്പെട്ട ആരാധന കേന്ദ്രങ്ങള്‍ ഉന്നമിട്ട് തീവ്രവാദ ആക്രമണം നടത്താന്‍ ഇവര്‍ സ്ഥല പരിശോധനയടക്കം നടത്തിയിരുന്നതായി എന്‍ഐഎ പറയുന്നു. ചില സാമുദായിക മത നേതാക്കളെ അപായപ്പെടുത്തുക വഴി സംസ്ഥാനത്ത് വന്‍ വര്‍ഗീയ കലാപം സൃഷ്‌ടിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു.
കേരളത്തിലെ കേന്ദ്രങ്ങള്‍ക്കു പുറമേ തമിഴ്‌നാട്ടിലും എന്‍ഐഎ റെയ്‌ഡ് നടത്തിയിരുന്നു. റെയ്‌ഡുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ മറ്റ് രേഖകളും കണ്ടെടുത്തതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷ നിയമം, യുഎ(പി)എ വകുപ്പുകള്‍ പ്രകാരം ഇക്കഴിഞ്ഞ ജൂലൈ 11ന് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. കേസിൽ അന്വേഷണം തുടരുകയാണ്.
പിഎഫ്‌ഐ ബന്ധം: കേരളത്തിൽ അഞ്ചിടങ്ങളിൽ എൻഐഎ റെയ്‌ഡ്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന വിവരത്തെ തുടർന്ന് കേരളത്തിലെ അഞ്ചിടങ്ങളിൽ ഇക്കഴിഞ്ഞ മെയ് 31ന് എൻഐഎ റെയ്‌ഡ് നടത്തിയിരുന്നു. കാസർകോട്, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കാസർകോട് കുഞ്ചത്തൂർ സ്വദേശി അബ്‌ദുൽ മുനീറിന്‍റെ വീട്ടിലാണ് പരിശോധന നടത്തിയത്. രാവിലെ അഞ്ച് മണിയോടെ ആരംഭിച്ച പരിശോധന ഏഴ് മണിക്കൂറോളം നീണ്ടുനിന്നിരുന്നു.
മലപ്പുറത്ത് രണ്ടിടങ്ങളിലാണ് പരിശോധന നടന്നത്. എൻഐഎ സംഘം ഡൽഹിയിലും പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനകൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ എൻഐഎക്ക് വിവരം ലഭിച്ചിരുന്നു. ഹവാല ഇടപാടുകളെ കുറിച്ചും എൻഐഎ പരിശോധിക്കുന്നുണ്ട്.
READ MORE | പിഎഫ്‌ഐ ബന്ധം : കേരളത്തിൽ അഞ്ചിടങ്ങളിൽ എൻഐഎ റെയ്‌ഡ്