ന്യൂഡല്‍ഹി : വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 70ലധികം ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്‌ഡ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന. ലോറന്‍സ് ബിഷ്‌ണോയി ഗുണ്ടാസംഘത്തിന് വേരുകളുള്ള പിലിഭിത്ത്, പ്രതാപ്‌ഗഡ് തുടങ്ങിയ സ്ഥലങ്ങളിലടക്കമാണ് ദേശീയ അന്വേഷണ ഏജന്‍സി റെയ്‌ഡ് നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം മുതല്‍ പരിശോധന വ്യാപകമാക്കി എന്‍ഐഎ : കഴിഞ്ഞ വര്‍ഷം പഞ്ചാബിലെ രൂപ്‌നഗര്‍ ജില്ലയില്‍ സംഘടിപ്പിച്ച റെയ്‌ഡില്‍ സംഘത്തിലെ നാല് അംഗങ്ങളെ പിടികൂടിയിരുന്നു. അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിനും കൊലപാതകത്തിനും പിടിയിലായവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ഗിദ്ദര്‍ബഹയിലെത്തിയ എന്‍ഐഎ സംഘം അകാലിദളിന്‍റെ നേതാവ് ലാഖ്‌വീര്‍ സിങ് കിങ്രയുടെ ഫാം ഹൗസിലും വസതിയിലും പരിശോധന നടത്തി.
ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ ഗുണ്ടകളുമായി ലാഖ്‌വീര്‍ സിങ് കിങ്രയ്‌ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, ഗുണ്ടകളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഹരിയാനയിലെ നാര്‍ണൗളില്‍ സംഘത്തിലെ അംഗമായ സുരേന്ദ്ര എന്ന് വിളിക്കുന്ന ചീക്കുവിന്‍റെ വീട്ടിലും പരിസരത്തും ഇയാളുടെ ബന്ധുക്കളുടെ വസതിയിലും എന്‍ഐഎ ഇന്ന് രാവിലെ പരിശോധന നടത്തിയിരുന്നു.
ആയുധ വിതരണക്കാരനെ പിടികൂടി ഏജന്‍സി : ഏകദേശം രണ്ടര മണിക്കൂറാണ് ചീക്കുവിന്‍റെ വസതിയിലും പരിസരപ്രദേശങ്ങളിലുമായി റെയ്‌ഡ് നടത്തിയത്. ദേശീയ അന്വേഷണ സംഘത്തോടൊപ്പം പ്രാദേശിക പൊലീസും തെരച്ചിലിന്‍റെ ഭാഗമായിരുന്നു. ഒരാഴ്‌ച മുമ്പായിരുന്നു ഹരിയാനയിലെ സിര്‍സ ആസ്ഥാനമായുള്ള ലോജിസ്‌റ്റിക് ദാതാവിനെയും ഗുണ്ട സംഘത്തിന് വേണ്ടി ആയുധം എത്തിച്ച് നല്‍കിയ വിതരണക്കാരനെയും എന്‍ഐഎ അധികൃതര്‍ അറസ്‌റ്റ് ചെയ്യുന്നത്.
ഇന്ത്യയെയും വിദേശ രാജ്യങ്ങളെയും കേന്ദ്രീകരിച്ച് ഭീകരാക്രമണം നടത്താന്‍ ശ്രമിക്കുന്ന നിരവധി ഗുണ്ടാസംഘങ്ങളെ കേന്ദ്ര ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്. ഹരിയാനയിലും പഞ്ചാബിലുമായി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ ഇല്ലാതാക്കുവാനുള്ള എന്‍ഐഎയുടെ നീക്കത്തിന്‍റെ തുടക്കമാണ് ആയുധ വിതരണക്കാരന്‍റെ അറസ്‌റ്റ്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ പഞ്ചാബിലെ തരണ്‍ തരണ്‍, ഫസില്‍ക, ലുധിയാന, മൊഹാലി തുടങ്ങിയ ഇടങ്ങളില്‍ ഒരേസമയം എന്‍ഐഎ റെയ്‌ഡ് നടത്തിയിരുന്നു.
ബിഷ്‌ണോയി സംഘത്തിന് പാകിസ്ഥാന്‍ ചാര സംഘടനയുമായി ബന്ധം : ഇതേസമയം, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലും പരിശോധനകള്‍ നടന്നു. ക്രിമിനല്‍-ഭീകരവാദ ശൃംഖല തകര്‍ക്കുകയും ആയുധ വിതരണക്കാര്‍, വ്യാപാരികള്‍, ലോജിസ്‌റ്റിക് ദാതാക്കള്‍ എന്നിവരുടെ പിന്തുണയോടെ സംഘം കൂടുതല്‍ ശക്തിപ്രാപിക്കുന്നത് തടയുകയുമാണ് എന്‍ഐഎ റെയ്ഡിന്‍റെ ലക്ഷ്യം. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ എന്‍ഐഎ ചോദ്യം ചെയ്‌ത് വരികയാണ്.
ക്രിമിനലുകളായ ലോറന്‍സ് ബിഷ്‌ണോയി, നീരജ് ബവാന സംഘങ്ങളെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ പരിശോധന. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിന് പാകിസ്ഥാന്‍ ചാര സംഘടനയായ ഇന്‍റര്‍ സര്‍വീസസ് ഇന്‍റലിജന്‍സുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. റെയ്‌ഡില്‍ ആയുധങ്ങള്‍ക്കൊപ്പം ലഹരി വസ്‌തുക്കളും അന്വേഷണ ഏജന്‍സി കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.