ന്യൂഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപം നടന്ന സ്ഫോടന കേസിലെ പ്രതികളെന്നു സംശയിക്കുന്ന സി.സി.ടി.വിയില്‍ പതിഞ്ഞവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് എന്‍.ഐ.എ. 10 ലക്ഷം രൂപയാണ് പാരിതോഷികമായി ദേശീയ അന്വേഷണ ഏജന്‍സി നല്‍കുക. അതീവ സുരക്ഷാമേഖലയായ വി.വി.ഐ.പികള്‍ താമസിക്കുന്ന എ.പി.ജെ അബ്ദുൾ കലാം റോഡിലെ ഇസ്രയേൽ എംബസിക്ക് പുറത്താണ് സ്‌ഫോടനം നടന്നത്.
ജനുവരി 29 ന് നടപ്പാതയ്ക്ക് സമീപമാണ് തീവ്രത കുറഞ്ഞ സ്‌ഫോടനം ഉണ്ടായത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞ പ്രതികളുടെ മുഖം മറച്ചതിനാലാണ് അന്വേഷണ സംഘം പൊതുജനങ്ങളുടെ സഹായം തേടിയത്. കുറച്ച് കാറുകളുടെ വിൻഡ്‌സ്ക്രീൻ കേടായതായും റിപ്പോർട്ടുണ്ടായിരുന്നു. ബോംബ് പൂച്ചെടിയിൽ സ്ഥാപിച്ച നിലയിലായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.
സ്‌ഫോടനത്തിന് അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി ഫോറൻസിക് സംഘം കണ്ടെത്തി. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് പകുതി കത്തിച്ച പിങ്ക് തൂവാലയും ഇസ്രായേൽ അംബാസഡറെ അഭിസംബോധന ചെയ്തുള്ള കവറും പൊലീസ് കണ്ടെടുത്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ രണ്ട് പേര്‍ എംബസിക്ക് സമീപത്ത് ടാക്സി കാര്‍ ഡ്രൈവറുമായി ഇടപെടുന്നതായി വ്യക്തമായിട്ടുണ്ട്. സ്‌ഫോടന സ്ഥലത്തിന് സമീപം മരത്തിന് പിന്നിൽ ഒളിപ്പിച്ച നിലയില്‍ ക്യാമറയും പൊലീസ് കണ്ടെത്തി.
ALSO READ: ഡൽഹിയിൽ 228 പേർക്ക് കൂടി കൊവിഡ്; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു