കോയമ്പത്തൂര്‍ : ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം നടന്ന കാര്‍ സ്‌ഫോടനത്തില്‍ മൂന്ന് പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്‌തു. നീലഗിരി ജില്ലയിലെ കെ ശ്രീനിവാസൻ എന്ന ഉമർ ഫാറൂഖ് (39), കോയമ്പത്തൂർ സ്വദേശി മുഹമ്മദ് തൗഫീഖ് (25), ഫിറോസ് ഖാൻ (28) എന്നിവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി ഇന്നലെ അറസ്റ്റ് ചെയ്‌തത്. ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ ചിഹ്നങ്ങളും മറ്റും നശിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്താനായി ചാവേര്‍ ആക്രമണം നടത്താനെത്തിയ ഐഎസ് അംഗമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്‍ എന്ന് എന്‍ഐഎ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നീലഗിരി ജില്ലയിലെ കൂനൂരിലുള്ള ഫാറൂഖിന്‍റെ വസതിയിൽ ജമേഷ മുബീൻ പങ്കെടുത്ത ഗൂഢാലോചന യോഗങ്ങളിൽ ഫാറൂഖും ഫിറോസും ഉണ്ടായിരുന്നതായാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. അറസ്റ്റിലായ തൗഫീഖിന്‍റ പക്കല്‍ നിന്നും ഇസ്‌ലാമിനെ സംബന്ധിച്ച് തീവ്രമായി പ്രതിപാദിക്കുന്ന പുസ്‌തകങ്ങളും സ്‌ഫോടക വസ്‌തുക്കള്‍ തയ്യാറാക്കുന്നതിനെ കുറിച്ചുള്ള കുറിപ്പുകളും എന്‍ഐഎ കണ്ടെത്തി.
ഒക്‌ടോബര്‍ 23ന് പുലര്‍ച്ചെയായിരുന്നു സ്ഫോടനം. കാറില്‍ കൊണ്ടുപോവുകയായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ജമേഷ മുബീന്‍ കൊല്ലപ്പെട്ടു.
അപകടമാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജമേഷ മുബീന്‍റെ വീട്ടില്‍ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, അലൂമിനിയം, സള്‍ഫര്‍ തുടങ്ങി 75 കിലോഗ്രാം സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ കൂട്ടാളികളായ 6 പേരെ അറസ്റ്റ് ചെയ്‌തു. ആദ്യം ഉക്കടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷിക്കുകയും പിന്നീട് ഒക്‌ടോബര്‍ 27ന് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുക്കുകയുമായിരുന്നു.