ന്യൂഡൽഹി: ഉത്തർ പ്രദേശിലും ബിഹാറിലും മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ഇടപെടൽ. സംഭവത്തിൽ കേന്ദ്ര സർക്കാരിനും സംസ്‌ഥാനങ്ങൾക്കും മനുഷ്യാവകാശ കമ്മിഷൻ നോട്ടീസ് അയച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നാല് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വിഷയം സംബന്ധിച്ച് ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ നടപടി.
Read Also…… ഗംഗ നദിക്കരയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ
ഇതുവരെ നൂറോളം മൃതദേഹങ്ങളാണ് ഗംഗാ നദിയിൽ നിന്ന് കണ്ടെടുത്തത്. ഇവയിൽ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഏറെയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് ഇരു സംസ്‌ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. ഉത്തർപ്രദേശിൽ നിന്ന് നൂറുകണക്കിന് പേരുടെ മൃതദേഹങ്ങൾ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയുടെ ഒഴുകി എത്തിയിരുന്നു. കൂടാതെ കിഴക്കൻ ഉത്തര്‍പ്രദേശ് ഭാഗങ്ങളിൽ നദിയുടെ കരയിൽ നിരവധി മൃതദേഹങ്ങൾ അടിയുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഉത്തർപ്രദേശിലെ ഉന്നാവിൽ നദിക്കരയിൽ മൃതദേഹങ്ങൾ മണലിൽ പൂഴ്‌ത്തിയ നിലയിലും കണ്ടെത്തിയിരുന്നു.