ന്യൂഡല്‍ഹി : ലോകത്ത് ഏറ്റവും വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പാതയെന്ന ലോക റെക്കോഡ് മഹാരാഷ്‌ട്രയിലെ അമരാവതി മുതല്‍ അകോള വരെ എന്‍എച്ച് 53ന്‍റെ ഭാഗമായി നിര്‍മിച്ച റോഡിന്. ഇതോടെ തിരുത്തപ്പെട്ടത് ഖത്തറിലെ ദോഹ റോഡിന്‍റെ റെക്കോഡാണ്. 105 മണിക്കൂറും 33 മിനുട്ടും കൊണ്ടാണ് മഹാരാഷ്‌ട്രയില്‍ 75 കിലോമീറ്റര്‍ റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
720 ജോലിക്കാര്‍ രാപ്പകലില്ലാതെ പണിയെടുത്താണ് ദേശീയ ഹൈവേക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ് സമ്മാനിച്ചത്. 37.5 കിലോമീറ്റര്‍ ഇടവും വലവും ചേര്‍ത്താണ് 75 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചത്. ജൂണ്‍ മൂന്നിന് 7.27ന് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തി ജൂണ്‍ എഴിന് അഞ്ച് മണിക്ക് അവസാനിപ്പിച്ചു. ദോഹയില്‍ 25.275 കി.മി ദൂരം മാത്രമായിരുന്നു കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മിച്ചത്.
Also Read: 75 കിലോമീറ്റര്‍ റോഡ് പൂര്‍ത്തിയാക്കാൻ 110 മണിക്കൂര്‍: ലോക റെക്കോഡിലേക്കൊരു 'റോഡ് ടാറിങ്'
2019 ഫെബ്രുവരിയില്‍ ആയിരുന്നു ഇത്. കൊൽക്കത്ത, റായ്‌പൂർ, നാഗ്‌പൂർ, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. രാജ് പാത്ത് ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡാണ് പ്രവൃത്തി മിന്നല്‍ വേഗത്തില്‍ തീര്‍ത്തത്.