ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍. 200 കോടിയുടെ വഞ്ചനാകേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ പാട്യാല കോടതിയില്‍ ഹാജരാവുന്നതിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുകേഷ് ചന്ദ്രശേഖര്‍. ആംആദ്‌മി പാര്‍ട്ടിക്കാരായ മന്ത്രിമാരുമായി തനിക്ക് 2015 മുതല്‍ ഇടപാടുകള്‍ ഉണ്ടെന്ന് സുകേഷ് അവകാശപ്പെടുന്നു.
അവരുടെ എല്ലാ രഹസ്യങ്ങളും തനിക്ക് അറിയാം. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട ആളുകളുടെ പേരുകള്‍ പുറത്ത് വിടുമെന്നും സുകേഷ് പറഞ്ഞു. ഈകാര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് താന്‍ കത്തെഴുതിയിട്ടുണ്ട്. സത്യം എപ്പോഴും വിജയിക്കും. ഡല്‍ഹി മദ്യ നയ കേസില്‍ അഴിക്കുള്ളില്‍ ആകുന്ന അടുത്ത വ്യക്തി അരവിന്ദ് കെജ്‌രിവാളായിരിക്കും എന്നും സുകേഷ് പറഞ്ഞു.
"മദ്യനയ കേസിലെ പ്രധാന സൂത്രധാരന്‍ കെജ്‌രിവാള്‍": വഞ്ചന കേസുമായി ബന്ധപ്പെട്ട പണം പൂഴ്‌ത്തിവയ്‌പ്പില്‍ ഇഡി എടുത്ത കേസിലാണ് സുകേഷ് ചന്ദ്ര ശേഖര്‍ വെള്ളിയാഴ്‌ച(10.3.2023) കോടതിയില്‍ ഹാജരായത്. ഡല്‍ഹി മദ്യ നയ കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോ എന്ന ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ സുകേഷിനോട് ചോദിച്ചു. മദ്യ നയ കേസില്‍ താന്‍ എല്ലാവരെയും തുറന്ന് കാട്ടുമെന്നുമായിരുന്നു സുകേഷിന്‍റെ പ്രതികരണം.
മദ്യ നയ അഴിമതിയുടെ പ്രധാന സൂത്രധാരന്‍ അരവിന്ദ് കെജ്‌രിവാളാണെന്ന് സുകേഷ് ആരോപിച്ചു. അരവിന്ദ് കെജ്‌രിവാള്‍ ഉടന്‍ തന്നെ അഴിക്ക് അകത്താകും. തനിക്കെതിരായ കേസുകളില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടിയാണോ അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ക്കെതിരായി ആരോപണം ഉന്നയിക്കുന്നത് എന്ന ചോദ്യത്തോട് ഈ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു സുകേഷിന്‍റെ പ്രതികരണം.
സുകേഷിനെതിരായ തട്ടിപ്പ് കേസുകള്‍: സുകേഷ് ചന്ദ്രശേഖറിന്‍റെ പേരില്‍ പല കേസുകളും നിലവിലുണ്ട്. സ്വകാര്യ ആശുപത്രികളുടെ ശൃംഖലകളുള്ള ഫോര്‍ട്ടിസിന്‍റെ ഉടമയായിരുന്ന ഷിവേന്ദര്‍ സിങ്ങിന്‍റെ ഭാര്യ അതിഥി സിങ്ങിനെ 200 കോടിയോളം രൂപ വഞ്ചിച്ച കേസില്‍ തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സുകേഷ്. ജയിലിലുള്ള ഷിവീന്ദര്‍ സിങ്ങിനെ പുറത്തിറക്കാന്‍ സഹായിക്കാമെന്ന വ്യാജ വാഗ്‌ദാനം നല്‍കിയാണ് വഞ്ചന നടത്തിയത്.
2019ല്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ഷിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വിന്ദര്‍ സിങ്ങിനെയും ഡല്‍ഹി പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം അറസ്‌റ്റ് ചെയ്യുകയായിരുന്നു. മല്‍വീന്ദര്‍ സിങ്ങിന്‍റെ ഭാര്യ ജപ്‌ന സിങ് നല്‍കിയ വഞ്ചന കേസുമായി ബന്ധപ്പെട്ടുള്ള പണം പൂഴ്‌ത്തിവയ്‌പ്പുമായി ബന്ധപ്പെട്ട കേസില്‍ ഇഡി സുകേഷിനെ അറസ്റ്റ് ചെയ്‌തിരുന്നു.
മനീഷ് സിസോദിയ ഇഡി കസ്റ്റഡിയില്‍: ഡല്‍ഹി മദ്യ നയ കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്‌തതിനെ തുടര്‍ന്ന് ആം ആദ്‌മി പാര്‍ട്ടി സര്‍ക്കാറിലും പാര്‍ട്ടിയിലും രണ്ടാമനായ മനീഷ് സിസോദിയ ഡല്‍ഹി ഉപമുഖ്യമന്ത്രി പദം രാജിവച്ചിരുന്നു. കേസ് രാഷ്‌ട്രീയ പ്രേരിതം എന്നാണ് ആം ആദ്‌മി പാര്‍ട്ടി ആരോപിക്കുന്നത്. മദ്യനയ കേസില്‍ ഏറ്റവും ഒടുവില്‍, മനീഷ് സിസോദിയയെ ഡല്‍ഹിയിലെ പ്രത്യേക വിചാരണ കോടതി ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. 10 ദിവസത്തെ കസ്റ്റഡിയായിരുന്നു ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.