അമൃത്‌സർ: അമൃത്‌സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ നിന്ന് അജ്ഞാത സ്ത്രീ നവജാത ശിശുവിനെ മോഷ്‌ടിച്ചു (Newborn stolen from hospital in Amritsar). ഇന്നലെ രാത്രി ആശുപത്രിയിലെ സിസിടിവി ക്യാമറകളിൽ യുവതി കുഞ്ഞുമായി പോകുന്നത് പതിഞ്ഞിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
14 വർഷത്തിന് ശേഷമാണ് കുഞ്ഞിന് ജന്മം നൽകിയതെന്നും ഈയിടെയായി ഒരു അജ്ഞാത സ്ത്രീ വാർഡിൽ കറങ്ങിനടക്കുന്നുണ്ടെന്നും ഇന്നലെ രാത്രി ഉണർന്നപ്പോൾ മകനെ കാണാനില്ലെന്നും കുഞ്ഞിന്‍റെ അമ്മ പറഞ്ഞു. ഒരു അപരിചിതൻ എങ്ങനെയാണ് ഒരു നവജാതശിശുവിനെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുന്നത്. എന്തുകൊണ്ടാണ് ഗേറ്റിൽ സുരക്ഷാ ഗാർഡുകൾ തടയുകയോ ചോദ്യം ചെയ്യുകയോ ചെയ്യാത്തതെന്നും കുടുംബാംഗങ്ങൾ ചോദ്യമുയര്‍ത്തി. ആശുപത്രിയിലെ സുരക്ഷ സംവിധാനങ്ങളുടെ അഭാവമാണ് സംഭവത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ പരാതി.
ബിബി നങ്കി വാർഡിൽ നിന്നാണ് കുഞ്ഞിനെ മോഷ്‌ടിച്ചത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ ഒരു സ്ത്രീ നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ടു. സംഭവം ആശുപത്രി ഭരണകൂടത്തെ ആശങ്കയിലാക്കി. യുവതി വാർഡിൽ കറങ്ങിനടക്കുമ്പോൾ പ്രതിയ്‌ക്കൊപ്പം ഒരാളെയും കണ്ടതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. കുട്ടിയെ കാണാതായതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കാണിക്കണമെന്ന് തങ്ങൾ നിരന്തരം ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് നാല് മണിക്കൂറോളം ആരും ശ്രദ്ധിച്ചില്ല. ആശുപത്രി അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് കുട്ടി മോഷ്‌ടിക്കപ്പെട്ടതിന് കാരണമെന്നും കുടുംബാംഗം പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പൊലീസിൽ പരാതി നൽകി. കേസെടുത്ത് സ്ഥലത്തെത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കൂടാതെ കുട്ടിയെ മോഷ്‌ടിച്ചതായി തോന്നുന്ന സ്ത്രീക്കും പുരുഷനും വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
രാജ്ഭവന് മുന്നിൽ പ്രസവിച്ച് അഞ്ച് മാസം ഗർഭിണിയായ യുവതി: ഉത്തർ പ്രദേശില്‍ ഓഗസ്‌റ്റ് 13 ന് നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ നവജാതശിശു മരിച്ചു. സംഭവത്തിൽ ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഗർഭിണിയായ യുവതിയെ ഓട്ടോറിക്ഷയിൽ വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു സംഭവം. രാജ്ഭവന്‍റെ 15-ാം നമ്പർ ഗേറ്റിന് മുന്നിലെത്തിയപ്പോൾ യുവതിക്ക് വേദന വർധിക്കുകയും പ്രസവിക്കുകയും ആയിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കുടുംബാംഗങ്ങൾ വഴിയാത്രക്കാരോട് സഹായം അഭ്യർഥിച്ചെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് സ്‌ത്രീ പ്രസവിച്ചു. ഒരു മണിക്കൂറിന് ശേഷം ആംബുലൻസ് സ്ഥലത്തെത്തി അമ്മയേയും നവജാത ശിശുവിനേയും ഝൽകാരി ബായ് ആശുപത്രിയിൽ എത്തിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നവജാതശിശു മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താൻ ഉത്തർ പ്രദേശ് ചീഫ് സെക്രട്ടറി ദുർഗ ശങ്കർ മിശ്രയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു.
ALSO READ: നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാപിതാക്കൾ; ദുരഭിമാനക്കൊലയെന്ന് പൊലീസ്