കർണാടക: മരണാന്തര ക്രിയകള്‍ക്കിടെ നവജാത ശിശുവിന് ജീവനുണ്ടെന്ന് കണ്ടെത്തി. കർണാടകയിലെ സിന്ധനുരു താലൂക്കിലെ തുരുവിഹാല പട്ടണത്തിൽ ശനിയാഴ്ചയാണ് സംഭവം. റായ്ച്ചൂരിലെ സ്വകാര്യ ആശുപത്രിയിലെ അധികൃതരാണ് നവജാത ശിശു മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചത്. ഇതോടെ കുട്ടിയെ ഏറ്റുവാങ്ങിയ ബന്ധുക്കള്‍ മരണാനന്തര ക്രിയകള്‍ നടത്തി സംസ്കരിക്കാന്‍ ഒരുങ്ങുകയായിരുന്നു.
ഈ സമയത്താണ് കുട്ടിസ്വശിക്കുന്നതായി ഒരാളുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടി നിലവില്‍ ചികിത്സയിലാണ്. മെയ് 10-നാണ് തുരുവിഹാലയിലെ സർക്കാർ ആശുപത്രിയിൽ എരപ്പ-അമരമ്മ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കുട്ടിക്ക് കൂടുതൽ ചികിത്സ ആവശ്യമായി വന്നു. ഇതോടെ രക്ഷിതാക്കളോട് സിന്ധനൂർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
എന്നാൽ സർക്കാർ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾ അന്നുതന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രി ഡോക്ടർമാർ മെയ് 10 ന് കുഞ്ഞിനെ അഡ്മിറ്റ് ചെയ്തു. രണ്ട് ദിവസത്തേക്ക് 10000 രൂപ ഇവരില്‍ നിന്നും ഈടാക്കി. ശനിയാഴ്ച (മെയ് 14) പെട്ടെന്ന് കുട്ടി മരിച്ചുവെന്ന് മാതാപിതാക്കളോട് പറഞ്ഞതായും കുഞ്ഞിന്റെ ബന്ധു പറഞ്ഞു.
ഇതോെട കുട്ടിയുമായി ഗ്രാമത്തിലെത്തി മരണാനന്തര ക്രിയകള്‍ നടത്തുകയായിരുന്നു. ഇതിനിടെ സെമിത്തേരിയിൽ വച്ചാണ് കുട്ടിക്ക് ശ്വാസം മുട്ടുന്നതായി ബന്ധുക്കളിൽ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടന്‍ കുട്ടിയെ ആംബുലൻസിൽ സിന്ധനൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ആശുപത്രിക്കും ഡോക്ടര്‍മാർക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.