ബേട്ടിയ : കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിയപ്പെട്ട നവജാത ശിശു അത്‌ഭുതകരമായി രക്ഷപ്പെട്ടു. ബിഹാറിലെ ബേട്ടിയയിലാണ് കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് വലിച്ചെറിയപ്പെട്ട ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് താഴെയുള്ള ചതുപ്പില്‍ വീണതോടെ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. നര്‍കടിയാഗഞ്ച് സബ് ഡിവിഷന്‍ ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് തുടര്‍ന്ന് കുഞ്ഞിനെ കണ്ടെത്തി തക്കസമയത്ത് ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രി കെട്ടിടത്തില്‍ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞെന്നാണ് സൂചന.
സംഭവം ഇങ്ങനെ : ബുധനാഴ്‌ച (16.08.2023) പുലര്‍ച്ചെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനായ പ്രദീപ് ഗിരി, സബ് ഡിവിഷണൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പിന്നിലുള്ള ചതുപ്പില്‍ നിന്ന് ഒരു കുഞ്ഞിന്‍റെ കരച്ചിൽ കേള്‍ക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ പ്രദീപ് ഗിരി സഹപ്രവര്‍ത്തകരെ വിവരമറിയിച്ച് അവരുമായി ശബ്‌ദം കേട്ട ഭാഗത്തേക്ക് നീങ്ങി. ഈ സമയത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാതശിശുവിനെ കാണുന്നത്. തുടര്‍ന്ന് ഇവര്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നവജാത ശിശുവിനെ അത്യാഹിത വിഭാഗത്തിന് പിന്നില്‍ നിന്നാണ് കണ്ടെത്തുന്നത്. രക്ഷപ്പെടുത്തിയ ഉടനെ കുഞ്ഞിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലാണെന്നും അവള്‍ സുഖമായിരിക്കുന്നതായും സബ് ഡിവിഷണൽ ആശുപത്രിയിലെ ഡോ.ബ്രജ്‌കിഷോര്‍ അറിയിച്ചു.
അന്വേഷണവുമായി ആശുപത്രി അധികൃതര്‍: കുട്ടിയുടെ മാതാപിതാക്കൾ ആരാണ്, ഇവര്‍ എവിടെ നിന്നുള്ളവരാണ്, കുഞ്ഞ് എങ്ങനെ ഇവിടെ എത്തി തുടങ്ങിയ വിവരങ്ങളെല്ലാം ആശുപത്രി അധികൃതര്‍ പരിശോധിച്ചുവരികയാണ്. മാത്രമല്ല കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലുമാണ് ഇവര്‍. അതേസമയം നിലവില്‍ കുഞ്ഞിനെ ആശുപത്രി ജീവനക്കാരാണ് പരിപാലിക്കുന്നത്. ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മാതാവ് ഉപേക്ഷിച്ചതാവാം എന്നുതന്നെയാണ് നിഗമനം.
നവജാത ശിശുവിനെ കൊലപ്പെടുത്തി പിതാവ്: അടുത്തിടെ ഉത്തർപ്രദേശിലെ പിലിഭിത്തിൽ നവജാത ശിശുവിനെ പിതാവ് ആശുപത്രിയുടെ തറയിൽ എറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. സിർസ ഗ്രാമത്തിൽ നിന്നുള്ള ഫർഹാൻ എന്നയാളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. രണ്ട് പെണ്‍കുട്ടികളുടെ പിതാവായ ഇയാൾക്ക് ആണ്‍കുട്ടി വേണമെന്നതായിരുന്നു ആഗ്രഹമെന്നും എന്നാൽ മൂന്നാമതും പെണ്‍കുട്ടി ജനിച്ച ദേഷ്യത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സംഭവത്തില്‍ പൊലീസ് അറിയിച്ചിരുന്നു.
പുരൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖങ്ക പ്രദേശത്താണ് ദാരുണമായ സംഭവമുണ്ടായത്. എട്ട് വർഷം മുമ്പാണ് ഷാബോ എന്ന യുവതിയെ പ്രതി വിവാഹം കഴിക്കുന്നത്. ദമ്പതികൾക്ക് രണ്ട് പെൺമക്കളുമുണ്ട്. ആദ്യത്തെ രണ്ട് മക്കളും പെണ്‍കുട്ടികളാണെന്നും അതിനാൽ തന്‍റെ കുടുംബത്തെ മുന്നോട്ട് നയിക്കാൻ ഒരു ആണ്‍കുട്ടി വേണമെന്നും ഫർഹാൻ പറഞ്ഞിരുന്നതായാണ് ഇയാളുടെ ബന്ധുക്കൾ പറയുന്നത്. ഇതിനിടെ പ്രസവവേദനയെ തുടർന്ന് ഷാബോയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മെയ് 28 ന് ഇവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്‌തിരുന്നു. എന്നാല്‍ ഭാര്യ മൂന്നാമതും പെൺകുഞ്ഞിന് ജന്മം നൽകിയതോടെ ഇയാൾക്ക് ഭാര്യയോടും നവജാത ശിശുവിനോടും ദേഷ്യമായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.