അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (ODI Cricket World Cup 2023) ആദ്യ പോരാട്ടത്തില്‍ നിലവിലെ ലോക ജേതാക്കളെ (World Champions) തോല്‍പ്പിച്ച്, കഴിഞ്ഞതവണ അവസാനിപ്പിച്ചയിടത്ത് നിന്നും തുടങ്ങി ന്യൂസിലാന്‍ഡ് (New Zealand). പന്തുകൊണ്ടും ബാറ്റ് കൊണ്ടും മത്സരത്തിന്‍റെ സമസ്‌ത മേഖലകളിലും മുന്നിട്ടുനിന്നാണ് കിവികള്‍ ഇംഗ്ലീഷ് പടയെ വീഴ്‌ത്തിയത്. ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ ഇംഗ്ലണ്ട് മുന്നില്‍ വച്ച 282 റണ്‍സ് വിജയലക്ഷ്യം, കേവലം ഒരൊറ്റ വിക്കറ്റ് നഷ്‌ടത്തില്‍ 76 പന്തുകള്‍ ശേഷിക്കെ ന്യൂസിലാന്‍ഡ് മറികടക്കുകയായിരുന്നു(New Zealand Wins Against England).
ക്രീസിലെത്തിയത് മുതല്‍ ബോളിനെ സിക്‌സറുകളും ബൗണ്ടറികളും പരിചയപ്പെടുത്തിയ ഡെവണ്‍ കോണ്‍വേ (121 പന്തില്‍ 151 റണ്‍സ്), രചിന്‍ രവീന്ദ്ര (96 പന്തില്‍ 123 റണ്‍സ്) എന്നിവരാണ് ന്യൂസിലാന്‍ഡിന്‍റെ വിജയശില്‍പികള്‍. അര്‍ധസെഞ്ചുറിയുള്‍പ്പടെ 77 റണ്‍സ് ഇംഗ്ലണ്ടിന്‍റെ സ്‌കോര്‍ബോര്‍ഡിലേക്ക് എഴുതിച്ചേര്‍ത്ത റൂട്ടിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിനെതിരെ, ഒത്തിണക്കത്തോടെയുള്ള ബാറ്റിങ്ങിലൂടെയായിരുന്നു ന്യൂസിലാന്‍ഡിന്‍റെ മധുരപ്രതികാരം.
ആദ്യം ഭയന്നു, പിന്നെ ഭയപ്പെടുത്തി : ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കാനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനായി ഡെവണ്‍ കോണ്‍വേയും വില്‍ യങ്ങുമാണ് ക്രീസിലെത്തിയത്. രണ്ടാമത്തെ ഓവറിലെ തന്‍റെ ആദ്യ പന്തില്‍ തന്നെ സാം കറന്‍, വില്‍ യങ്ങിനെ (0) മടക്കി ന്യൂസിലാന്‍ഡിനെ ഞെട്ടിച്ചു. ടീം സ്‌കോര്‍ 10 റണ്ണില്‍ നില്‍ക്കെയായിരുന്നു യങ്ങിന്‍റെ മടക്കം. ഇതോടെ മത്സരം വരുതിയിലായെന്ന പ്രതീതി ഇംഗ്ലണ്ട് ക്യാമ്പിലുണ്ടായി. എന്നാല്‍ വലിയ കൊടുങ്കാറ്റിന് മുന്നിലെ ശാന്തത മാത്രമായിരുന്നു അതെന്ന് ഇംഗ്ലണ്ട് പിന്നീടാണ് മനസിലാക്കുന്നത്.
ഇംഗ്ലീഷ് കൂടാരത്തിന് തീയിട്ട് കോണ്‍വേ-രവീന്ദ്ര സഖ്യം : പകരക്കാരനായെത്തിയ രചിന്‍ രവീന്ദ്രയെ കൂടെക്കൂട്ടി ഡേവണ്‍ കോണ്‍വേ ഇംഗ്ലീഷ് കൂടാരത്തിന് തീയിടുകയായിരുന്നു. പടുകൂറ്റന്‍ സിക്‌സറുകളും ഇടിവെട്ട് ബൗണ്ടറികളുമായി ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തിയ കോണ്‍വേയ്‌ക്ക് മികച്ച കൂട്ടുകാരന്‍ തന്നെയാണ് താനെന്ന് രചിന്‍ രവീന്ദ്ര കൂടി മനസിലാക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പരാജയം എഴുതപ്പെട്ടിരുന്നു. ഇത് ക്രീസില്‍ തെളിഞ്ഞതാവട്ടെ 37ാം ഓവറിലെ രണ്ടാം പന്തിലും.
ഒമ്പത് വിക്കറ്റിന്‍റെ കൂറ്റന്‍ ജയം എന്നതിലുപരി, തങ്ങളുടെ വജ്രായുധങ്ങളായ മാര്‍ക്ക് വുദ്, മൊയീന്‍ അലി എന്നിവര്‍ അമ്പതിലധികം റണ്ണുകള്‍ വിട്ടുകൊടുത്തു എന്നതും, ക്രിസ് വോക്‌സ്, സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഇതിനോടടുത്ത് റണ്ണുകള്‍ വിട്ടുനല്‍കി പ്രഹരമേറ്റുവാങ്ങി എന്നതും ഇംഗ്ലണ്ടിന് തോല്‍വിയിലും ഇരട്ട സങ്കടമായി.
'തുടക്കം' പാഴാക്കി ഇംഗ്ലണ്ട്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 282 റണ്‍സ് മാത്രമാണ് നേടാനായത്. ഇതില്‍ തന്നെ സ്‌റ്റാര്‍ ബാറ്റര്‍ ജോ റൂട്ടിന്‍റെ 86 പന്തില്‍ 77 റണ്‍സാണ് ഇംഗ്ലണ്ടിന് കരുത്തായതും. ഇംഗ്ലീഷ് പടയ്‌ക്കായി ജോമി ബെയര്‍സ്‌റ്റോയും ഡേവിഡ് മലാനുമാണ് ഓപ്പണര്‍മാരായി ക്രീസിലെത്തിയത്. കരുതലോടെ തന്നെയായിരുന്നു ഇരുവരും ബാറ്റ് വീശിയത്. ഇതോടെ സ്‌കോര്‍ബോര്‍ഡും ചലിച്ചുതുടങ്ങി.
എന്നാല്‍ എട്ടാമത്തെ ഓവറിലെ നാലാം പന്തില്‍ മലാനെ (24 പന്തില്‍ 14 റണ്‍സ്) മടക്കി സാന്‍റ്‌നര്‍ ന്യൂസിലാന്‍ഡിന് ആശ്വാസം നല്‍കി. പിന്നാലെ ബെയര്‍സ്‌റ്റോയെ (35 പന്തില്‍ 33 റണ്‍സ്) മടക്കി മാറ്റ് ഹെന്‌റിയും കരുത്തുകാട്ടി. ഈ സമയം ക്രീസിലെത്തിയിരുന്ന ജോ റൂട്ട് ഇംഗ്ലണ്ട് ബാറ്റിങ്ങിന്‍റെ നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. മാത്രമല്ല വിക്കറ്റുകള്‍ വേഗത്തില്‍ വീണ് സമ്മര്‍ദത്തിലാവാതിരിക്കാന്‍ റൂട്ട് കരുതലോടെയായിരുന്നു ബാറ്റ് വീശിയത്. ഇത് സ്‌കോര്‍ ബോര്‍ഡിലും പ്രകടമായി.
ഗതി നിര്‍ണയിച്ച തുടര്‍വീഴ്‌ചകള്‍: ഇതിനിടെ ഹാരി ബ്രൂക്ക് (25), മൊയീന്‍ അലി (11) എന്നിവര്‍ നിലയുറപ്പിക്കും മുമ്പേ മടങ്ങിയിരുന്നു. പിന്നാലെയെത്തിയ നായകന്‍ ജോസ് ബട്‌ലര്‍ റൂട്ടിന് മികച്ച പിന്തുണ നല്‍കി. ഇതോടെ ടീം സ്‌കോര്‍ 150 പിന്നിട്ടു. എന്നാല്‍ സ്‌കോര്‍ 188 ല്‍ നില്‍ക്കെ 34ാം ഓവറിലെ രണ്ടാം പന്തില്‍ ബട്‌ലറെ (42 പന്തില്‍ 43 റണ്‍സ്) മടക്കി മാറ്റ് ഹെന്റി ന്യൂസിലാന്‍ഡിന്‍റെ വലിയ അപകടമൊഴിവാക്കി. പിറകെയെത്തിയ ലിയാം ലിവിങ്‌സ്റ്റണിന്‍റെ ബാറ്റിനും (20) ഇംഗ്ലണ്ടിനായി കൂടുതലൊന്നും ചെയ്യാനായില്ല. പിന്നാലെ റൂട്ടും മടങ്ങിയതോടെ ഇംഗ്ലണ്ടിന്‍റെ മത്സരം ഏതാണ്ട് അവസാനിച്ചിരുന്നു.
തുടര്‍ന്ന് സാം കറന്‍ (14), ക്രിസ് വോക്‌സ് (11) എന്നിവര്‍ വന്നപാടെ മടങ്ങി. വാലറ്റത്ത് പൊരുതിയ ആദില്‍ റഷീദ് (15), മാര്‍ക്ക് വുഡ് (13) എന്നിവര്‍ക്കും കാര്യമായൊന്നും ടീം സ്‌കോറില്‍ എഴുതിച്ചേര്‍ക്കാനായില്ല. ഇതോടെ ഇംഗ്ലണ്ട് 282 റണ്‍സില്‍ കളി അവസാനിപ്പിക്കുകയായിരുന്നു. മത്സരത്തില്‍ ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്‌റി മൂന്നും മിച്ചല്‍ സാന്‍റ്‌നര്‍, ജെയിംസ് നീഷം എന്നിവര്‍ രണ്ട് വീതവും രചിന്‍ രവീന്ദ്ര, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.