ന്യൂഡൽഹി : പുതിയ പാര്‍ലമെന്‍റ് മന്ദിരം ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്‍റ് മന്ദിരത്തിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. ചടങ്ങിലേക്ക് ക്ഷണിക്കപ്പട്ട അറുപതോളം മത പുരോഹിതന്മാർ ചടങ്ങിൽ പങ്കെടുത്തു. രാവിലെ 7 മണിയോടെ പുതിയ കെട്ടിടത്തിന് പുറത്ത് ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി പൂജയും ഹോമവും നടന്നു. ശൈവ മഠത്തിലെ ഉന്നത പുരോഹിതന്മാർ ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി.
പാർലമെന്‍റ് മന്ദിരത്തിൽ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും. പുതിയ പാർലമെന്‍റ് മന്ദിരം 1927-ൽ നിർമിച്ച പഴയ പാർലമെന്‍റ് കെട്ടിടത്തേക്കാൾ കൂടുതൽ സൗകര്യത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നുള്ള പരവതാനികളും ത്രിപുരയിൽ നിന്നെത്തിച്ച മുള കൊണ്ടുള്ള തറയും രാജസ്ഥാനിൽ നിന്നുള്ള കൊത്തുപണികള്‍ ചെയ്‌ത കല്ലുമൊക്കെയായി പുതിയ പാർലമെന്‍റ് മന്ദിരം ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നു. താമര, മയിൽ, ആൽമരം എന്നിങ്ങനെ അകത്തളത്തിൽ മൂന്ന് ദേശീയ ചിഹ്നങ്ങളാണ് ഉള്ളത്. ത്രികോണാകൃതിയില്‍ നാല് നിലകളുള്ള പാർലമെന്‍റ് മന്ദിരത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്‌തീർണമുണ്ട്. ഈ കെട്ടിടത്തിന് മൂന്ന് പ്രധാന കവാടങ്ങളാണുള്ളത്. ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ എന്നിവയാണ് കവാടങ്ങൾ.
ടാറ്റ പ്രൊജക്‌ട്‌സ് ലിമിറ്റഡ് നിർമിച്ച പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി ഒരു വലിയ ഭരണഘടന ഹാൾ, എംപിമാർക്കുള്ള വിശ്രമ മുറി, ഒരു ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിങ് ഏരിയകൾ, വിശാലമായ പാർക്കിങ് സ്ഥലം എന്നിവയും അടങ്ങിയിരിക്കുന്നു. റെക്കോർഡ് സമയം കൊണ്ടാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണം പൂര്‍ത്തിയാക്കിയത്. ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങളും ഭരണഘടന മൂല്യങ്ങളും കൂടുതൽ സമ്പന്നമാക്കാൻ പ്രവർത്തിക്കുന്ന പാർലമെന്‍റിന്‍റെ പുതുതായി നിർമിച്ച കെട്ടിടം, അംഗങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നിർവഹിക്കാൻ സഹായിക്കുന്ന അത്യാധുനിക സൗകര്യങ്ങളാൽ സജ്ജീകരിച്ചിരിക്കുന്നു.
മതസൗഹാര്‍ദത്തിന്‍റെ പ്രതീകമായി സർവമത പ്രാർഥന : പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സർവമത പ്രാർഥനയും (ബഹു വിശ്വാസ പ്രാർഥന) നടന്നിരുന്നു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭ സ്‌പീക്കർ ഓം ബിർളയും മറ്റ് കേന്ദ്ര മന്ത്രിമാരും നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, എസ് ജയശങ്കർ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരും ചടങ്ങിൽ പങ്കാളികളായി. സർവമത പ്രാർഥനയിൽ മതനേതാക്കൾ വിവിധ ഭാഷകളിൽ പ്രാർഥനകൾ ഉരുവിട്ടു. വൈദിക ആചാരങ്ങളോടുകൂടിയ പരമ്പരാഗത പൂജയും ഹോമവും നടത്തിയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമുള്ള പന്തലിലാണ് പൂജ നടന്നത്.
ചെങ്കോൽ ഏറ്റുവാങ്ങിയത് ഇന്നലെ : പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള ചെങ്കോൽ പ്രധാനമന്ത്രി മോദി ഇന്നലെ തമിഴ്‌നാട്ടിൽ നിന്നുള്ള പൂജാരിമാരിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിൽ വച്ചായിരുന്നു ചെങ്കോൽ കൈമാറിയത്. അധികാര കൈമാറ്റത്തിന്‍റെ അടയാളമായി ജവഹർലാൽ നെഹ്‌റു ഏറ്റുവാങ്ങിയതാണ് ചെങ്കോൽ.
Also Read : ദേശീയതയുടെ കോട്ടയില്‍ നിന്ന് ഭരണസിരാകേന്ദ്രത്തിലേക്ക്, ചെങ്കോല്‍ ഇനി പാര്‍ലമെന്‍റിന്‍റെ ഭാഗം