ഗിരിഡി: ഭക്ഷ്യയോഗ്യമല്ലാത്ത 1,000 ചാക്ക് ധാന്യങ്ങള്‍ ജാര്‍ഖണ്ഡിലെ ന്യൂഗിരിഡി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍. ഗുഡ്‌സ് ട്രെയിനില്‍ എത്തിച്ച ഭക്ഷ്യധാന്യങ്ങള്‍ അഴുകിപ്പോയ വാർത്ത മെയ് 27നാണ് ഇ.ടി.വി ഭാരത് പുറത്തുവിട്ടത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കാതെ ഒളിച്ചുകളിക്കുകയാണ് റെയില്‍വേയും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും.
ഛത്തീസ്‌ഗഡിൽ നിന്നും ജാർഖണ്ഡിലെ ന്യൂഗിരിഡി വരെയുള്ള 762 കിലോമീറ്റർ സഞ്ചരിക്കാന്‍ 16 മണിക്കൂറാണ് വേണ്ടത്. എന്നാല്‍ 2021ല്‍ പുറപ്പെട്ട ട്രെയിന്‍ ന്യൂ ഗിരിഡിയിലെത്തിയത് ഒരു വർഷമെടുത്താണ്. ഇ.ടി.വി ഭാരത് വാര്‍ത്തയെ തുടര്‍ന്ന് എഫ്.സി.ഐയുടെയും റെയിൽവേയുടെയും ഉന്നത ഉദ്യോഗസ്ഥ സംഘം മെയ് 31 ന് പ്രദേശത്തത്തി പരിശോധന നടത്തിയിരുന്നു. ധൻബാദിൽ (Dhanbad) നിന്നും കൊഡെർമയിൽ (Koderma) നിന്നുമാണ് ഉന്നതതല ഉദ്യോഗസ്ഥ സംഘം എത്തിത്. റെയിൽവേ ഉദ്യോഗസ്ഥർക്ക് ഒപ്പമെത്തിയ ആരോഗ്യസംഘം ധാന്യങ്ങള്‍ പരിശോധിച്ചതോടെ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടുകയായിരുന്നു.
ചോദ്യങ്ങളെ 'ഇല്ലാതാക്കി' ആ മൗനം: എഫ്‌സിഐ ഗോഡൗണിലേക്കുള്ള ഭക്ഷ്യധാന്യവുമായി ഒരു വർഷം മുന്‍പ് ന്യൂ ഗിരിഡി റെയിൽവേ സ്‌റ്റേഷനിൽ എത്തേണ്ടതായിരുന്നു ട്രെയിനെന്ന് സ്റ്റേഷൻ മാസ്‌റ്റര്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ട്രെയിൻ നിശ്ചിത സമയത്ത് എത്താതിരുന്നിട്ടും റെയില്‍വേ ഇതേക്കുറിച്ച് ആ കാലയളവില്‍ ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ട്?. ഛത്തീസ്‌ഗഡില്‍ നിന്നും ന്യൂഗിരിഡി വരെയുള്ള യാത്രയ്‌ക്ക് ഒരു വർഷമെടുക്കാന്‍ കാരണമെന്താണ് ?, തങ്ങളുടെ ചരക്ക് എത്തേണ്ടയിടത്ത് എത്തിയോ എന്ന് എഫ്.സി.ഐ അന്വേഷിക്കാതിരുന്നത് എന്തുകൊണ്ട്?. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനമായോ തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങളാണ് അധകൃതരുടെ മൗനത്താല്‍ ഇല്ലാതാവുന്നത്.
സംഭവത്തെക്കുറിച്ച് വിശദംശങ്ങള്‍ തേടാന്‍ ഇ.ടി.വി ഭാരത് പ്രതിനിധി റെയിൽവേ അസിസ്റ്റന്‍റ് കൊമേര്‍സ്യല്‍ മാനേജർ വിജയ് ഗൗറിനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം ഉന്നത ഉദ്യോഗസ്ഥനോട് ചോദിച്ചാല്‍ മതിയെന്നായിരുന്നു മറുപടി. റെയിൽവേ ഉദ്യോഗസ്ഥരിൽ നിന്ന് പ്രതികരണമെടുക്കാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും സമാന മറുപടിയാണുണ്ടായത്. ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇന്ത്യയില്‍ ഭക്ഷ്യധാന്യം നശിപ്പിച്ചുകളഞ്ഞ സംഭവം ഞെട്ടിക്കുന്നതാണ്. അതിലേറെ ആശങ്കയുളവാക്കുന്നതാണ് അധികൃതരുടെ മൗനം.