ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ (എംഒഇ) പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് (new curriculum framework) അനുസരിച്ച് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ നടത്തും (Board Exams Twice a Year). മികച്ച സ്‌കോർ നിലനിർത്താൻ വിദ്യാർഥികളെ ഇത് അനുവദിക്കുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയമായ ന്യൂ എഡ്യൂക്കേഷന്‍ പോളിസി (New Education Policy - എന്‍ ഇ പി) പ്രകാരമുള്ള പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറായി കഴിഞ്ഞു. 2024 ലെ അക്കാദമിക വർഷം ഇതനുസരിച്ച് പാഠപുസ്‌തകങ്ങൾ വികസിപ്പിക്കും.
ഇനി പരീക്ഷകളിലെ മികച്ച സ്‌കോര്‍ ആണ് പരിഗണിക്കപ്പെടുക. വിദ്യാര്‍ഥികള്‍ക്ക് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ ഇതിലൂടെ അവസരമൊരുങ്ങുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പ്രത്യാശ.
11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് രണ്ട് ഭാഷകൾ പഠിക്കേണ്ടതുണ്ട്. ആ രണ്ട് ഭാഷകളിൽ ഒരെണ്ണമെങ്കിലും ഇന്ത്യൻ ആയിരിക്കണം എന്നതാണ് പുതിയ ചട്ടക്കൂടിന്‍റെ മറ്റൊരു പ്രത്യേകത. അതേസമയം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പുതിയ പാഠ്യപദ്ധതി അനുസരിച്ച് ക്ലാസ് മുറിയിൽ പാഠപുസ്‌തകങ്ങൾ കാണാപ്പാഠം പഠിക്കുന്ന നിലവിലെ രീതി ഒഴിവാക്കും. ആവശ്യമായ പാഠപുസ്‌തകങ്ങളുടെ വില പുനക്രമീകരിക്കും. ബോർഡ് പരീക്ഷ ടെസ്റ്റ് ഡെവലപ്പർമാരോടും ബന്ധപ്പെട്ട മൂല്യകർത്താക്കളോടും തങ്ങളുടെ ജോലി ഏറ്റെടുക്കുന്നതിന് മുമ്പ് സർവകലാശാല സർട്ടിഫൈഡ് കോഴ്‌സുകളിൽ പങ്കെടുക്കാൻ ആവശ്യപ്പെടുമെന്നും പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് വ്യക്തമാക്കുന്നു.
മാസങ്ങളോളം നീളുന്ന കഠിന പരിശീലനത്തിനും കാണാപ്പാഠം പഠിക്കലിനുമപ്പുറത്തേക്ക് വിദ്യാര്‍ഥികളുടെ കഴിവും അതാത് വിഷയത്തിലുള്ള അവരുടെ ധാരണയും നേട്ടങ്ങളും കൂടി വിലയിരുത്തുന്നതാകും പൊതു പരീക്ഷയെന്നും ചട്ടക്കൂടില്‍ വ്യക്തമാക്കുന്നു. കൂടാതെ ആവശ്യാനുസരണം പരീക്ഷകൾ നടത്താനുള്ള ചുമതല സ്‌കൂൾ ബോർഡുകൾക്ക് നൽകുമെന്ന് പുതിയ ചട്ടക്കൂടിൽ പറയുന്നു.
അതേസമയം ഹയർസെക്കൻഡറി ക്ലാസുകളിലെ വിഷയങ്ങളുടെ തെരഞ്ഞെടുപ്പ് സ്‌ട്രീമുകളിൽ മാത്രമായി പരിമിതപ്പെടുത്തില്ല. എല്ലാ വിദ്യാർഥികൾക്കും സ്‌ട്രീമുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം ലഭിക്കും. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കില്ല: കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ എജുക്കേഷന്‍ പോളിസി (എന്‍ഇപി) മുഴുവനായി കേരളത്തിൽ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരള സംസ്‌കാരത്തിനും മതേതരത്വത്തിനും എതിരായി എന്‍ ഇ പിയില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്ന് പറഞ്ഞ അദ്ദേഹം മതേതരത്വത്തിനും ഭരണഘടന മൂല്യങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ള പാഠപുസ്‌തകങ്ങള്‍ മാത്രമേ സംസ്ഥാനത്ത് പുറത്തിറക്കുകയുള്ളുവെന്നും അറിയിച്ചു.
ചരിത്രത്തെ മാറ്റി, കുട്ടികളെ 'പുതിയ ചരിത്രം' പഠിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഒന്നു മുതല്‍ അഞ്ചു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യ വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.