ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 11,692 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ കുറവ് വന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം (വ്യാഴാഴ്‌ച) 12,591 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.
അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തിയ കൊവിഡ് കേസുകള്‍ : ഏപ്രിൽ 20-ന് 12,591, ഏപ്രിൽ 19-ന് 10,542, ഏപ്രിൽ 18-ന് 7,633, ഏപ്രിൽ 17-ന് 9,111, ഏപ്രിൽ 16-ന് 10,093, ഏപ്രിൽ 15-ന് 10,753 എന്നിങ്ങനെയാണ് അടുത്ത ദിവസങ്ങളിലായി ഇന്ത്യയില്‍ രേഖപ്പെടുത്തിയ കൊവിഡ് കേസുകളുടെ എണ്ണം.
24 മണിക്കൂറിനിടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 66,170 ആയി ഉയര്‍ന്നു. രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്ന 10,780 പേര്‍ കൊവിഡ് മുക്തരായി ആശുപത്രി വിട്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 98.68 ശതമാനമായി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌ത കൊവിഡ് വാക്‌സിനുകളും പരിശോധനകളും : ഇന്ത്യയില്‍ ഇതുവരെ 220,66,31,979 കോടി ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്‌തത്. ഇതില്‍ 3,647 കോടി ഡോസുകള്‍ 24 മണിക്കൂറിനിടെ വിതരണം ചെയ്‌തതാണ്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നടത്തിയ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 2,29,739 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തുടനീളം കൊവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ മിശ്ര കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കൊവിഡിന് ഏതിരെയുള്ള പോരാട്ടം, മരുന്നുകള്‍, രാജ്യത്തെ വാക്‌സിനേഷന്‍ ക്യാംപയിന്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. കൊവിഡ് മഹാമാരിയെ കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇക്കാര്യത്തില്‍ ജനങ്ങളുടെ അലംഭാവം മാറ്റിയെടുക്കണമെന്നും ഡോ.പികെ മിശ്ര പറഞ്ഞു.
പ്രതികരണവുമായി രാജേഷ് ഭൂഷൺ : രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കേരളം, ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കുതിച്ചുയരുന്നതെന്ന് ഭൂഷണ്‍ യോഗത്തില്‍ വ്യക്തമാക്കി. വാക്‌സിനേഷനെ കുറിച്ചും യോഗത്തില്‍ വിശദമായ ചര്‍ച്ച നടത്തി. രാജ്യത്തുടനീളം കൊവിഡ് രോഗികള്‍ക്കുള്ള മരുന്നുകളും അതിന്‍റെ ലഭ്യതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
കൊവിഡ് രോഗികള്‍ക്കുള്ള വാക്‌സിനുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ തന്നെ നേരിട്ട് വാങ്ങിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്കും ഇത്തരം വാക്‌സിനുകൾ നിർമ്മാതാവിൽ നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുന്നതിനായി കര്‍ശന ജാഗ്രത പുലര്‍ത്താനും അതിന്‍റെ വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്‍കി.