പാരിസ്: ഫ്രാന്‍സില്‍ കൊവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. 'ഇഹു' എന്ന് പേരിട്ടിരിക്കുന്ന വകഭേദം വടക്കന്‍ ഫ്രാന്‍സിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്ന് എത്തിയവരിലാണ് വകഭേദം കണ്ടെത്തിയത്. 12 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഒമിക്രോണിനെക്കാള്‍ വ്യാപന ശേഷി കൂടുതലാണ് ഇഹുവിനെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വർഷം നവംബർ പകുതിയോടെ ശേഖരിച്ച സാമ്പിളിൽ നടത്തിയ ആർടിപിസിആർ പരിശോധനയില്‍ മുതിര്‍ന്ന വ്യക്തിക്കാണ് വകഭേദം സ്ഥിരീകരിച്ചത്. ഇഹു (ഐഎച്ച്‌യു) മെഡിറ്ററേന്‍ ഇന്‍ഫക്‌ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഡിസംബര്‍ 29ന് പ്രസിദ്ധീകരിച്ച പഠനം പ്രകാരം 46 തവണ പുതിയ വകഭേദത്തിന് ജനതിക മാറ്റം സംഭവിച്ചിട്ടുണ്ട്.
അതേസമയം, മറ്റ് രാജ്യങ്ങളിലൊന്നും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ല. ലോകാരോഗ്യ സംഘടനയും വകഭേദത്തെ അംഗീകരിച്ചിട്ടില്ല. പുതിയ വകഭേദങ്ങൾ ഉയർന്നുവരുന്നു, എന്നാൽ അവ കൂടുതൽ അപകടകരമാകുമെന്ന് ഇതിനര്‍ഥമില്ലെന്ന് അമേരിക്കന്‍ എപ്പിഡെമിയോളജിസ്റ്റ് എറിക് ഫീഗൽ ഡിംഗ് ട്വീറ്റ് ചെയ്‌തു.
കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി സ്ഥിരീകരിച്ച ഒമിക്രോണ്‍ 100ലധികം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 1,892 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.