നെല്ലൂര്‍ (ആന്ധ്രാപ്രദേശ്): സ്‌കൂളുകളില്‍ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്താനെത്തി 'മുട്ട മോഷ്‌ടാവിനെ' കയ്യോടെ പിടിച്ച് എംഎല്‍എ. നെല്ലൂര്‍ ജില്ലയിലെ കോവുരു മണ്ഡലിലെ എംഎല്‍എയായ നല്ലപുറെഡ്ഡി പ്രസന്നകുമാര്‍ റെഡ്ഡിയാണ് സര്‍ക്കാര്‍ പദ്ധതികളുടെ അവലോകനത്തിനായി സ്വന്തം മണ്ഡലത്തിലെ സില പരിഷദ് സ്‌കൂളില്‍ നേരിട്ടെത്തി ഉച്ചഭക്ഷണത്തിലെ കൃത്രിമം കണ്ടെത്തിയത്. ഒടുവില്‍ വീഴ്‌ച മറച്ചുവച്ച് ന്യായീകരിക്കാന്‍ കൂടി ശ്രമിച്ചതോടെ ജോലിക്കാരിക്കെതിരെ എംഎല്‍എ മുഖം നോക്കാതെ നടപടിയുമെടുത്തു.

വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിലയിരുത്തലിനായി സില പരിഷദ് സ്‌കൂളിലെത്തിയതായിരുന്നു എംഎല്‍എ നല്ലപറെഡ്ഡി പ്രസന്നകുമാര്‍ റെഡ്ഡി. ഇവിടെയെത്തിയപ്പോഴാണ് 150 വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാൻ 115 മുട്ട മാത്രമെ ഉള്ളുവെന്ന് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഉച്ചഭക്ഷണത്തിലുള്ള 35 മുട്ടയുടെ കുറവിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് കാക്ക കൊണ്ടുപോയതാണെന്നായിരുന്നു പാചകക്കാരിയുടെ പ്രതികരണം.

ഇതോടെ എംഎല്‍എയുടെ ക്ഷമ നശിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ച് ശാസിച്ച അദ്ദേഹം ഉടന്‍ തന്നെ ഉച്ചഭക്ഷണ ജോലിയിലുള്ള ജോലിക്കാരിയെ മാറ്റാനും ഉത്തരവിടുകയായിരുന്നു.