താനെ: പെരുന്നാളിന് ബലി നൽകാനായി ആടുകളെ കൊണ്ടുവന്നതിനെ ചൊല്ലി മുസ്ലിം ദമ്പതികളെ മർദിച്ചതായി പരാതി. മഹാരാഷ്‌ട്രയിൽ മുംബൈയിലെ മീര റോഡിലുള്ള സ്വകാര്യ ഹൗസിങ് കോളനിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന മുഹ്‌സിൻ ഖാനാണ് ഹൗസിങ് സൊസൈറ്റിയിലേക്ക് ആടിനെ കൊണ്ടുവന്നത്. ഇത് ചോദ്യം ചെയ്‌ത് ഒരു സംഘം ആളുകൾ മുഹ്‌സിനെയും ഭാര്യയെയും മർദിക്കുകയായിരുന്നു എന്നാണ് പരാതി.
ബക്രീദിന് മുന്നോടിയായി കോളനിയിലേക്ക് ആടിനെ കൊണ്ടുവന്നതിന് ഹൗസിങ് കോളനിയിലെ ഏതാനും അംഗങ്ങളും ഹിന്ദു സംഘടനയിലെ ചിലരും ദമ്പതികൾക്കെതിരെ പ്രതിഷേധം നടത്തുകയും ആക്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തു എന്ന് പരാതിയിൽ പറയുന്നു. ബക്രീദിന് ബലി നൽകാനായി തിങ്കളാഴ്‌ച രാത്രിയാണ് ഇവർ ആടുകളെ എത്തിച്ചത്. തുടർന്ന് ഹൗസിങ് കോളനിയിലെ ഏതാനും അംഗങ്ങളും ഹിന്ദു സംഘടനയിലെ ചിലരും ഒത്തുകൂടുകയും പ്രതിഷേധിക്കുകയുമായിരുന്നു. ഇതിനിടെ പ്രതിഷേധക്കാരിൽ ചിലർ ജയ് ശ്രീറാം വിളികൾ ഉൾപ്പെടെ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്‌തു.
ദമ്പതികളുടെ പരാതിയിൽ 11 പേർക്കെതിരെ ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം മുംബൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ചൊവ്വാഴ്‌ച പ്രതിഷേധവുമായി ഹൗസിങ് കോളനിയിലെ അംഗങ്ങൾ എത്തി. ഇതോടെ പൊലീസ് സൊസൈറ്റിയിലെത്തി താമസക്കാരുമായി ചർച്ച നടത്തുകയും അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന് മീര റോഡ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) പറഞ്ഞു.
ആടുകളെ ഹൗസിങ് കോളനിക്കുള്ളിൽ കൊണ്ടുവന്നത് നിയമ വിരുദ്ധമാണെങ്കിൽ, അവർ തങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകണമായിരുന്നു. പ്രതിഷേധിക്കാൻ തടിച്ചുകൂടിയ ജനക്കൂട്ടം തങ്ങളെ ആക്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്ന് ദമ്പതികൾ പറഞ്ഞു.
സൊസൈറ്റിക്കുള്ളിൽ കന്നുകാലികളെ കൊണ്ടുവരരുതെന്ന് താമസക്കാർ ചേർന്ന് നേരത്തെ നിയമം പാസാക്കിയിരുന്നു. എന്നാൽ അവർ അത് ലംഘിച്ച് രണ്ട് ആടുകളെ അകത്തേക്ക് കൊണ്ടുവന്നു. തങ്ങൾ അതുകൊണ്ടാണ് എതിർത്തതെന്നാണ് പ്രതിഷേധക്കാരുടെ വാദം. സൊസൈറ്റിയുടെ നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കണമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.
ഈ വർഷം ബദരീനാഥ് ധാമിൽ മുസ്ലീങ്ങൾ നമസ്‌കരിക്കില്ല : ക്ഷേത്ര നഗരമായ ബദരീനാഥിലും പരിസരത്തും ഇന്ന് മുസ്ലീങ്ങൾ ഈദ് അൽ-അദ്ഹ അല്ലെങ്കിൽ ബക്രീദ് സമയത്ത് നമസ്‌കരിക്കില്ല. പകരം, ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങൾ ക്ഷേത്രത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ജോഷിമഠിൽ നമസ്‌കരിക്കും. ഈ വിഷയത്തിൽ ഹിന്ദു-മുസ്ലിം സമുദായാംഗങ്ങൾക്കിടയിൽ ഒരു ധാരണ എത്തിയതിനെ തുടർന്നാണ് നടപടി.
ബദരിനാഥ് വ്യാപാരി സഭാംഗങ്ങൾ, പാണ്ഡ പുരോഹിത്, തീർഥ് പുരോഹിത്, ബദരിനാഥ് ധാമിലെ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന കരാറുകാർ, ഹിന്ദു സംഘടനകൾ, താനാ ബദരിനാഥിലെ മുസ്ലീങ്ങൾ എന്നിവർ യോഗം ചേർന്നാണ് വിഷയത്തിൽ ധാരണയായത്. കഴിഞ്ഞ വർഷം മുസ്ലീങ്ങൾ നമസ്‌കാരം നടത്തിയതിനെ തുടർന്ന് വിവാദങ്ങൾ ഉയർന്നിരുന്നു. ബദരീനാഥ് ധാമിൽ നമസ്‌കാരം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഇതിനെ ചൊല്ലി വർഗീയ സംഘർഷം ഉണ്ടാകുകയും ചെയ്‌തു. പിന്നീട് പൊലീസും ഭരണസമിതിയും ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പാക്കുകയായിരുന്നു.
പ്രശ്‌നം കണക്കിലെടുത്ത്, അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത്തവണ കർശന നടപടികളാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ബദരിനാഥ് പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് ലക്ഷ്‌മി പ്രസാദ് ബിൽജ്വാന്‍റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ബദരീനാഥ് ധാമിൽ ഈദ് നമസ്‌കാരം പാടില്ലെന്ന നിലപാടിലെത്തുകയായിരുന്നു.