ന്യൂഡല്‍ഹി: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- പോസ്റ്റ് ഗ്രാജുവേഷന്‍ (നീറ്റ് - പിജി) പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം മെയ് 13ന് കേൾക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, പിഎസ് നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക.
മെയ് 21ന് നിശ്ചയിച്ച പരീക്ഷയ്ക്കെതിരെ ഒരു വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കൗണ്‍സിലിങ്, പരീക്ഷ തീയതികള്‍ അടുത്തടുത്താണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരീക്ഷ നീട്ടിവയ്ക്കണമെന്ന് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ ഉൾപ്പടെ കോടതിയെ സമീപിച്ചത്.
ഇക്കാര്യം ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ പ്രധാനമന്ത്രിക്കും നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിനിടെ പരീക്ഷ തീയതി ജൂലൈ 9ലേക്ക് മാറ്റിയെന്ന് വ്യക്തമാക്കി നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പേരിൽ വ്യാജ സർക്കുലർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ പരീക്ഷ തീയതി മാറ്റിയിട്ടില്ലെന്നും നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 21ന് തന്നെ നടക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരണ കുറിപ്പ് ഇറക്കി.
ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ രാകേഷ് ഖന്ന കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഹരജിക്കാർ പരീക്ഷ മാറ്റിവയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഖന്നയോട് ബെഞ്ച് ചോദിച്ചു. മാറ്റിവയ്ക്കണമെന്നാണ് ആവശ്യമെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. ഇതോടെ എങ്ങനെയാണ് ഒരു ദേശീയ പരീക്ഷ മാറ്റിവയ്ക്കുകയെന്ന് കോടതി ചോദിച്ചു. എന്തായാലും അടുത്ത വെള്ളിയാഴ്ച വാദം കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.