പട്‌ന: മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബിഹാറിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ 46 ശതമാനം പോളിങ് രേഖപ്പെടുത്തി. ബിഹാറിലെ 78 അസംബ്ലി സീറ്റുകളിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഇതുവരെ നടന്ന പോളിങ് സമാധാനപരമെന്ന് പൊലീസ്. അതേസമയം, ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി പൂർണിയയിൽ പൊലീസ് വായുവിലേക്ക് വെടിയുതിർത്തു.
15 ജില്ലകളിലെ 78 നിയമസഭാ സീറ്റുകളിൽ രാവിലെ 7ന് വോട്ടെടുപ്പ് ആരംഭിച്ചു. സുപോൾ ജില്ലയിലും ദർബംഗയിലും 41.15 ശതമാനം പോളിങ് രേഖപ്പെടുത്തി. സൂപ്പോൾ (51.12), സഹർസ (48.98), മുസാഫർപൂർ (48.43), കിഷൻഗഞ്ച് (47.55), പൂർവി ചമ്പാരൻ (47.46), പൂർണിയ (46.46), വൈശാലി (46.34), മാധേപുര (46.33), പാഷിം ചമ്പാരൻ (45.58), സമസ്തിപൂർ (45.05), മധുബാനി (44.96), സീതാമർഹി (44.65), അരാരിയ (43.22), കതിഹാർ (43.11), ദർഭംഗ (41.15) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് ശതമാനം. അതേസമയം, നിരവധി പോളിങ്ങ് ബൂത്തുകളിൽ ആളുകൾ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചു. ആളുകൾ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും എത്തിയതായി റിപ്പോർട്ടുണ്ട്. നവംബർ 10ന് വോട്ടെണ്ണൽ നടക്കും.