ന്യൂഡൽഹി: കൊവിഡ് വാക്‌സിനേഷന്‍റെ രണ്ടാം ഘട്ട നടപടികളിലേക്ക് കടക്കാനൊരുങ്ങി ഡൽഹി സർക്കാർ. മാർച്ച് ഒന്ന് മുതൽ 60 വയസിന് മുകളിലുള്ളവർക്കും രോഗബാധിതരായ 45 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിൻ നൽകുമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. ഡൽഹിയിൽ 192 ആശുപത്രികളിലായി മുന്നൂറോളം കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി ക്രമീകരിച്ചിട്ടുള്ളത്. വാക്‌സിനേഷനായുള്ള രജിസ്ട്രേഷന് ആളുകൾക്ക് കോ-വിൻ ആപ്പ് ഉപയോഗിക്കാമെന്നും സത്യേന്ദ്ര ജെയിൻ പറഞ്ഞു. വോട്ടർ പട്ടിക അനുസരിച്ച് 15 ലക്ഷത്തോളം ആളുകളാണ് 60 വയസിന് മുകളിലുള്ളത്.
അതേസമയം കൊവിഡ് വാക്സിന്‍റെ ആദ്യത്തെ ഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച സ്വീകരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചാണ് ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിന്‍ പ്രധാനമന്ത്രി സ്വീകരിച്ചത്. വാക്സിൻ എടുക്കാൻ യോഗ്യരായ എല്ലാവരും വാക്സിൻ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ച് ഇന്ത്യയെ കൊവിഡ് മുക്തമാക്കണമെന്നും നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.