ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെയുള്ള 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി ബാലാവകാശ കമ്മിഷന്‍ (The National Commission for Protection of Child Rights NCPCR). മദ്രസകളില്‍ ചേര്‍ക്കപ്പെടുന്ന മുസ്‌ലിം ഇതര മതസ്ഥരായ കുട്ടികളെ കണ്ടെത്തി സ്‌കൂളില്‍ ചേര്‍ക്കുന്നതില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിമാരെ ബാലാവകാശ കമ്മിഷന്‍ വിളിച്ചുവരുത്തിയത്. വിഷയത്തില്‍ നടപടി എടുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഒരു വര്‍ഷം മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നു (NCPCR summoned States and Union territories).
ഇതര മതത്തില്‍ പെട്ട കുട്ടികളെ മദ്രസകളില്‍ ചേര്‍ക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28 (3)ന്‍റെ പ്രത്യക്ഷമായ ലംഘനമാണെന്ന് ബാലാവകാശ കമ്മിഷന്‍ പറഞ്ഞിരുന്നു (NCPCR on Muslim children enrolled in madrassas). മാതാപിതാക്കളുടെ സമ്മതമില്ലാതെ ഏതെങ്കിലും മതപരമായ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലക്കുന്നതായും ആര്‍ട്ടിക്കിള്‍ പറയുന്നുണ്ട്. മദ്രസകള്‍, അത്തരം സ്ഥാപനങ്ങള്‍ എന്ന നിലയില്‍ കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുന്നതിന് പ്രാഥമികമായി ഉത്തരവാദികളാണെന്ന് കമ്മിഷന്‍ പറഞ്ഞു.
സര്‍ക്കാര്‍ ധനസഹായമോ അംഗീകാരമോ ഉള്ള ചില മദ്രസകള്‍ കുട്ടികള്‍ക്ക് മതവിദ്യാഭ്യാസവും ഒരുപരിധി വരെ ഔപചാരിക വിദ്യാഭ്യാസവും നല്‍കുന്നുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞതായും കമ്മിഷന്‍ നിരീക്ഷിച്ചു. മദ്രസകളിലേക്ക് പോകുന്നതോ മദ്രസകളില്‍ താമസിക്കുന്നതോ ആയ ഇതര മതത്തില്‍ പെട്ട കുട്ടികളെ കണ്ടെത്തി അവരെ അവിടെ നിന്ന് മാറ്റാനും സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാനും കഴിഞ്ഞ ഒരുവര്‍ഷമായി ബാലാവകാശ കമ്മിഷന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ടെന്ന് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അംഗീകാരമില്ലാത്ത മുഴുവന്‍ മദ്രസകളും കണ്ടെത്തി അവിടെ ചേരുന്ന കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കാനുള്ള ക്രമീകരണം ഉറപ്പാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ ഇത് അവഗണിക്കുകയായിരുന്നു എന്നും അതിനാല്‍ ഇന്നലെ (ജനുവരി 3) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടിസ് അയക്കുകയായിരുന്നു എന്നും കമ്മിഷന്‍ വ്യക്തമാക്കി.
11 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് വിഷയത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും ബാലാവകാശ കമ്മിഷന്‍ അറിയിച്ചു. ഹരിയാന, ആന്ധ്രപ്രദേശ്, ഛത്തീസ്‌ഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഗോവ, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മേഘാലയ, തെലങ്കാന എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരെയാണ് വിളിച്ചുവരുത്തിയത്.