മുംബൈ : മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്രയിൽ മൂന്ന് വ്യത്യസ്‌ത ഓപ്പറേഷനുകളിലായി കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് എൻസിബി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. മൂന്ന് ഓപ്പറേഷനുകളിലായി 1.403 കിലോഗ്രാം എംഡിഎംഎ (2917 ഗുളികകൾ), 0.26 ഗ്രാം എൽഎസ്‌ഡി (24 ബ്ലോട്ടുകൾ), 1.840 കിലോഗ്രാം സൂക്ഷ്‌മമായി ക്യൂറേറ്റ് ചെയ്‌ത ഹൈഡ്രോപോണിക് വീഡ് എന്നിവ പിടിച്ചെടുത്തതായി എൻസിബി സോണൽ ഡയറക്‌ടർ അമിത് ഘവാട്ടെ പറഞ്ഞു.
വിവിധ സ്ഥലങ്ങളിലായി നടത്തിയ തെരച്ചിലിൽ എസ് കശ്യപ്, അദ്‌നാൻ എഫ് എന്നീ പ്രതികളെ പിടികൂടിയതായും മറ്റുള്ളവർക്കായുള്ള തെരച്ചിൽ നടക്കുന്നതായും അമിത് ഘവാട്ടെ പറഞ്ഞു. പൂനെയിലാണ് ആദ്യ ഓപ്പറേഷൻ നടത്തിയത്. യൂറോപ്പിൽ നിന്നും യുഎസ്‌എയിൽ നിന്നും വിവിധ തരം മയക്കുമരുന്നുകൾ കടത്താൻ സജീവമായി പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ഒരു അന്താരാഷ്‌ട്ര സംഘത്തെക്കുറിച്ച് എൻസിബി ഉദ്യോഗസ്ഥർക്ക് ഇന്‍റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു.
ഇതനുസരിച്ച് നിരീക്ഷണം ശക്‌തമാക്കാൻ വിവിധ ഇന്‍റലിജൻസ് ഏജൻസികൾക്ക് നിർദേശം നൽകി. ജൂണ്‍ 23ന് യുകെയിൽ നിന്ന് പൂനെയിലേക്ക് എത്തിക്കാനായി കൊണ്ടുവന്ന ഒരു പാഴ്‌സൽ മുംബൈയിൽ വച്ച് പിടികൂടിയിരുന്നു. പാഴ്‌സൽ പരിശോധിച്ചപ്പോൾ ഇതിനുള്ളിൽ ഒരു പോർട്ടബിൾ ഓഡിയോ സിസ്റ്റത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 100 നീല നിറത്തിലുള്ള എംഡിഎംഎ ഗുളികകളും 24 എൽഎസ്‌ഡി പേപ്പറുകളും പിടിച്ചെടുക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നിൽ കാശ്യപാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് മഹാരാഷ്‌ട്ര എടിഎസിന്‍റെ സഹായത്തോടെ വെള്ളിയാഴ്‌ച പൂനെയിൽ വച്ച് കാശ്യപിനെ പിടികൂടുകയായിരുന്നു. കാശ്യപ് കമ്മീഷൻ വ്യവസ്ഥയിൽ വിദേശ ഹാൻഡിലുകളിൽ നിന്ന് മയക്കുമരുന്ന് വാങ്ങുകയും പൂനെ നഗരത്തിലും പരിസര പ്രദേശങ്ങളിലും വിൽപ്പന നടത്തുകയുമായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പൂനെ ആസ്ഥാനമായുള്ള ഒരു സിൻഡിക്കേറ്റ് വിദൂര രാജ്യങ്ങളിൽ നിന്ന് ഉയർന്ന മൂല്യമുള്ള പാർട്ടി ഡ്രഗ്‌സ് വാങ്ങുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതാണ് രണ്ടാമത്തെ ഓപ്പറേഷനിലേക്ക് വഴിവച്ചത്. ഇത് യുഎസ്‌എയിൽ നിന്ന് ഔട്ട്സോഴ്‌സ് ചെയ്‌ത് മുംബൈ എഫ്‌പിഒയിലേക്കെത്തിയെ ഒരു പാഴ്‌സലിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചു.
പാഴ്‌സലിനുള്ളിൽ നാല് ക്യാനുകൾ കണ്ടെത്തി. ക്യാനുകൾ തുറന്ന് പരിശോധിച്ചപ്പോൾ അതിനുള്ളിൽ പച്ച കലർന്ന നാരുകളുള്ള ഒരു ചെടിയുടെ ഉത്‌പന്നം കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ അത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് കണ്ടെത്തുകയായിരുന്നു. മറ്റ് മൂന്ന് ക്യാനുകളിൽ നിന്നും സമാനമായ ഉത്‌പന്നങ്ങൾ തന്നെ കണ്ടെടുത്തു.
ഇവ മൊത്തത്തിൽ 1.840 കിലോഗ്രാം ഉണ്ടെന്നും എൻസിബി അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട് അദ്‌നാൻ എന്ന യുവാവിനെ പിടികൂടിയത്. മൂന്നാമത്തെ ഓപ്പറേഷനിൽ 1.403 കിലോഗ്രാം എംഡിഎംഎ ഗുളികകളാണ് (2917 ഗുളികകൾ) എൻസിബി പിടിച്ചെടുത്തത്.