ഛത്തീസ്ഗഡ് : ബിജാപൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന 38 കാരനെ നക്സലുകൾ കൊലപ്പെടുത്തി. ഹേമന്ദ് ബന്ദിയാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചായിരുന്നു വധമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
ജൻമിലീഷ്യ മാവോയിസ്റ്റ് സംഘത്തിലെ ഒരു സംഘം ആളുകള്‍ ശനിയാഴ്ച ഇരയെ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തിമ്മപ്പൂര്‍ വില്ലേജിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. ഭസഗുഡ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മുര്ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് കുത്തി കൊലപ്പടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ് അധികൃതര്‍ എത്തിയെങ്കിലും മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 2018 ല്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്ന് മാവോയിസ്റ്റുകളെ കുറിച്ച് വിവരം നല്‍കിയത് ഹേമന്ദ് ആയിരുന്നുവെന്നാണ് സംഘത്തിന്റെ ആരോപണം. എന്നാല്‍ ഇയാള്‍ക്ക് പൊലീസുമായി യാതൊരു ബന്ധവും ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് സേന തിരച്ചില്‍ ശക്തമാക്കി.