റായ്‌പൂർ: ഛത്തീസ്‌ഗഡ് ബിജാപൂർ ജില്ലയിൽ രണ്ട് ഗ്രാമങ്ങൾക്ക് സമീപം കേന്ദ്ര-സംസ്ഥാന സുരക്ഷാ സേന നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഡ്രോൺ ഉപയോഗിച്ച് ബോംബ് ആക്രമണം നടത്തിയതായി നക്‌സലുകൾ ആരോപിച്ചു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിന് തൊട്ടുമുമ്പ് സ്ഥലം മാറിയതിലൂടെ വലിയ അപകടം ഒഴിവാക്കാനായെന്നും നക്‌സലുകളുടെ പ്രസ്താവനയിൽ പറയുന്നു. ഡ്രോൺ ആക്രമണം തങ്ങളെ ലക്ഷ്യമിട്ടതാണെന്ന് വാദിച്ച മാവോയിസ്റ്റ് സംഘടന ആക്രമണത്തിന്‍റെ ചില ചിത്രങ്ങളും പങ്കുവെച്ചു.
നക്സലുകളുടെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബസ്തർ റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ സുന്ദരരാജ് പി പറഞ്ഞു.
"ബസ്തറിലെ സുരക്ഷാ സേന പ്രദേശത്തെ തദ്ദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന ഒറ്റ ലക്ഷ്യത്തോടെ നിയമപരമായ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്നതാണെന്നും സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണ് ഐഇഡികളടക്കമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആയിരക്കണക്കിന് നിരപരാധികളെ വധിച്ചതെന്നും സുന്ദരരാജ് പറഞ്ഞു.