ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഓഫിസ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സീൽ ചെയ്‌തു. ഏജൻസിയുടെ മുൻകൂർ അനുമതിയില്ലാതെ ഓഫിസ് തുറക്കരുതെന്നാണ് നിർദേശം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഓഫിസില്‍ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഓഫിസില്‍ നിന്ന് ഏതാനും ചില രേഖകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഡല്‍ഹിയില്‍ 12 ഇടങ്ങളിലാണ് കേസുമായി ബന്ധപ്പെട്ട് ഇഡി റെയ്‌ഡ് നടത്തിയത്.
also read: നാഷണല്‍ ഹെറാള്‍ഡ് കേസ്: രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഹാജരായി
കേസില്‍ സോണിയ ഗാന്ധിയുള്‍പ്പടെയുള്ള നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെതിരെ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിര്‍ത്തലാക്കിയ നാഷണല്‍ ഹെറാള്‍ഡിന്‍റെ പ്രസിദ്ധീകരണം വീണ്ടും ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ പത്രത്തിന്‍റെ ഏറ്റെടുക്കലില്‍ കള്ളപ്പണ ഇടപാട് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പരാതി നല്‍കി. ഇതിന്‍മേലാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.