ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഓഫിസിൽ നിന്ന് മടങ്ങി. രണ്ട് ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിൽ 55ഓളം ചോദ്യങ്ങളാണ് സോണിയ ഗാന്ധിയോട് ചോദിച്ചതെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം. രാഹുൽ ഗാന്ധിയോട് ചോദിച്ച സമാന ചോദ്യങ്ങളാണ് സോണിയ ഗാന്ധിയോട് ചോദിച്ചതെന്നും റിപ്പോർട്ടുകൾ.
കേസിൽ ചോദ്യം ചെയ്യലിനായി ബുധനാഴ്‌ച വീണ്ടും ഹാജരാകാണമെന്ന് ഇഡി നിർദേശിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവനിലേക്ക് എംപിമാർ നടത്തിയ മാർച്ചിനിടെ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളെ വിജയ് ചൗക്കിൽ വച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.