ന്യൂഡല്‍ഹി: 2021ല്‍ രാജ്യത്ത് 1,64,033 പേര്‍ ആത്മഹത്യ ചെയ്‌തതായി ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതില്‍ 1,18,979 പേര്‍ പുരുഷന്‍മാരാണ്. ആത്മഹത്യ ചെയ്‌ത 45,026 സ്‌ത്രീകളില്‍ ഭൂരിഭാഗവും വീട്ടമ്മമാരും.
ആത്മഹത്യ ചെയ്‌ത സ്‌ത്രീകളില്‍ ഏറ്റവുമധികം വീട്ടമ്മമാരാണെങ്കില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് വിദ്യാര്‍ഥികളാണ്. ഏകദേശം 5,693 വിദ്യാര്‍ഥി ആത്മഹത്യകളാണ് കഴിഞ്ഞ വര്‍ഷം നടന്നത്. ആത്മഹത്യ ചെയ്‌ത ഏകദേശം 4,246 പേര്‍ ദിവസകൂലിക്കാരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏറ്റവുമധികം വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്‌തത് തമിഴ്‌നാട്ടിലാണ് (3,221ല്‍ 23,179). അടുത്ത സ്ഥാനത്ത് നില്‍ക്കുന്നത് മധ്യപ്രദേശും(3,055) മഹാരാഷ്‌ട്രയുമാണ് (2,861). മൊത്തം ആത്മഹത്യയില്‍ 1.5 ശതമാനമാണ് വിധവ ആത്മഹത്യയെങ്കില്‍ 0.5 ശതമാനം വിവാഹ മോചിതരായവരുടെ ആത്മഹത്യയാണ്. വിവാഹമോചനം നേടിയവരുടെയും വേര്‍പിരിഞ്ഞു താമസിക്കുന്നവരുടെയും 0.5 ശതമാനമാണ് ആത്മഹത്യ നിരക്ക്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷമാണ് ഏറ്റവുമധികം ആത്മഹത്യകള്‍ നടന്നത്. അവയില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്. വിവാഹബന്ധത്തിലെ പല പ്രശ്‌നങ്ങളുമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. അതില്‍ കൂടുതലും സ്‌ത്രീധന സംബന്ധമായ പ്രശ്‌നങ്ങളും, ബലഹീനതയും, വന്ധ്യതയുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
18 വയസ് മുതല്‍ 45 വയസിന് താഴെയുളളവര്‍ക്കാണ് ആത്മഹത്യ ചെയ്യാന്‍ ഏറ്റവുമധികം പ്രവണതയുണ്ടാവുക എന്ന് പഠനത്തില്‍ നിന്നും വ്യക്തമാണ്. കുടുംബ പ്രശ്‌നങ്ങള്‍, പ്രണയ നൈരാശ്യം, രോഗങ്ങളെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണ് കൗമാരപ്രായക്കാരെ ഏറ്റവുമധികം ആത്മഹത്യയിലേക്ക് നയിക്കുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ 28 പേരാണ് ആത്മഹത്യ ചെയ്‌തത്. അതില്‍ ഒന്‍പത് പേര്‍ തൊഴിലാളികളാണ്, ഏഴ് പേര്‍ ദിവസകൂലിക്കാരും, രണ്ട് പേര്‍ സ്വയം തൊഴില്‍ ജീവനക്കാരും ബാക്കി ഒരു ശതമാനം പേര്‍ പ്രൊഫഷണലും, വരുമാനമുള്ള വ്യക്തികളുമാണ്. 2021ല്‍ നടന്ന മൊത്തം ആത്മഹത്യയില്‍ ഏറ്റവുമധികം ആത്മഹത്യ നടന്നത് കുടുംബ പ്രശ്‌നം, രോഗം, ലഹരി, വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങള്‍, പ്രണയ നൈരാശ്യം, കടം, തൊഴിലില്ലായ്‌മ, പരീക്ഷയിലുള്ള തോല്‍വി, ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍, ദാരിദ്ര്യം എന്നിവയാണ് കാരണമെന്ന് ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ ചൂണിക്കാട്ടുന്നു.