ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വർധനവിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ചില കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് സർക്കാർ ഇത്തരത്തിൽ വില വർധിപ്പിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. പെട്രോൾ, ഡീസൽ വിലയുടെ എക്സൈസ് തീരുവയെ മോദി നികുതി എന്ന് വിളിച്ചാണ് ഖേര പരിഹസിച്ചത്.
കഴിഞ്ഞ ആറ് വർഷവും എട്ട് മാസവും കൊണ്ട് പെട്രോളിലും ഡീസലിലും അധിക എക്സൈസ് തീരുവ ചുമത്തി സർക്കാർ 20 ലക്ഷം കോടി സമ്പാദിച്ചു. 2014 മെയ് മാസത്തിൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 108 ഡോളറായിരുന്നപ്പോൾ പെട്രോളിന് ഡൽഹിയിൽ 71.51 രൂപയായിരുന്നു വിലയെന്നും ഡീസലിന് 57.28 രൂപയായിരുന്നു വിലയെന്നും അദ്ദേഹം ഓർമിപ്പിച്ചു. 2021 ഫെബ്രുവരി ഒന്നിലെ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 54.41 ഡോളറാണെന്നും ഇന്നത്തെ കണക്കനുസരിച്ച് ഡൽഹിയിൽ പെട്രോളിന്‍റെ വില ലിറ്ററിന് 89.29 രൂപയും ഡീസൽ ലിറ്ററിന് 79.70 രൂപയുമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
20 ലക്ഷം രൂപ സർക്കാർ ജനങ്ങളിൽ നിന്ന് കൊള്ളയടിച്ചു എന്ന് ആരോപിച്ച ഖേര ഈ പണം വികസനത്തിനായി കാർഷിക മേഖലയിലോ എംഎസ്എംഇയിലോ സർക്കാർ ജീവനക്കാരുടെ ക്ഷേമത്തിനായോ ഉപയോഗിച്ചതായി കാണുന്നുണ്ടോ എന്നും ചോദിച്ചു. ചുരുക്കം ചില കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സർക്കാരിന് സാധാരണ ഇന്ത്യക്കാരൻ എന്തുകൊണ്ട് വില നൽകണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, അധിക എക്സൈസ് തീരുവ സർക്കാർ പിൻവലിച്ചാൽ പെട്രോൾ വില ലിറ്ററിന് 61.92 രൂപയായും ഡീസലിന് ലിറ്ററിന് 47.51 രൂപയായും കുറയ്ക്കാനാകുമെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. തങ്ങളുടെ പോരായ്‌മകൾ മറച്ചുവെക്കാൻ വേണ്ടി നിർമിത വിവാദങ്ങളിലൂടെ വിദ്വേഷവും ഭയവും വളർത്തി ബിജെപി സർക്കാർ രാജ്യത്തിന്‍റെ ശ്രദ്ധ തിരിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.