മുംബൈ : മഹാരാഷ്‌ട്ര - നാസിക് ജില്ലയിലെ ഇഗത്‌പുരി മേഖലയിലെ പോളി ഫിലിം ഫാക്‌ടറിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. സംഭവത്തില്‍ 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 12ലധികം തൊഴിലാളികള്‍ ഫാക്‌ടറിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഫാക്‌ടറിയിലെ ബോയിലറില്‍ ഉണ്ടായ സ്ഫോടനമാണ് തീപിടിക്കാന്‍ കാരണമായത്. ഫാക്‌ടറിയുടെ സമീപത്ത് 20,000 ലിറ്ററിന്‍റെ ഡീസല്‍ ടാങ്കര്‍ ഉണ്ടെന്നും അതിന് തീ പിടിച്ചാല്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ തീ പടരാന്‍ സാധ്യതയുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രദേശത്ത് നിന്ന് പുക ഉയരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് അഗ്നിശമന സേന തടസങ്ങൾ നേരിടുകയാണ്.
'മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. പോളി ഫിലിം ഫാക്‌ടറിയില്‍ പടര്‍ന്ന തീ അണയ്ക്കാൻ വിവിധ സംഘങ്ങളെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്' - കേന്ദ്ര സഹമന്ത്രി ഡോ. ഭാരതി പവാർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആശുപത്രിയില്‍ എത്തി പരിക്കേറ്റവരെ കണ്ടു.
പരിസരത്ത് 250 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നും അവരിൽ ഭൂരിഭാഗവും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. നാസിക് കലക്‌ടർ ഗംഗാധര്‍ ഡി, നാസിക് റൂറൽ പൊലീസ് സൂപ്രണ്ട് സച്ചിൻ പാട്ടീൽ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്. ഇഗത്പുരിയിൽ നിന്നും നാസിക്കിൽ നിന്നുമുള്ള പത്തോളം അഗ്നിശമന സേന യൂണിറ്റുകളും തീയണയ്ക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്.