ന്യൂഡൽഹി : ഐക്യരാഷ്‌ട്ര സഭ ഉൾപ്പടെയുള്ള ആഗോള സംഘടനകളിൽ പരിഷ്‌കാരങ്ങൾ (United Nations Reforms) നടപ്പാക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). ജി20 ഉച്ചകോടിയുടെ (G20 Summit) രണ്ടാം ദിനമായ ഇന്ന് 'വൺ ഫ്യൂച്ചർ' (One Future) സെഷനെ അഭിസംബോധന ചെയ്‌ത് സംസാരിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം. 51 അംഗങ്ങളുമായി യുഎൻ സ്ഥാപിതമായ കാലഘട്ടത്തിൽ നിന്നും ലോകം ഒരുപാട് മുന്നോട്ട് പോയി.
പുതിയ മാറ്റങ്ങൾ ആഗോള ഘടനയിൽ പ്രതിഫലിക്കണം. ഇപ്പോൾ അംഗരാജ്യങ്ങളുടെ എണ്ണം 200 ആയി ഉയർന്നു. ദുരന്തസമയത്ത് രാജ്യങ്ങൾക്ക് സഹായം വാഗ്‌ദാനം ചെയ്യുന്നതിലേയ്‌ക്ക് മാത്രമായി യുഎൻ സ്വയം പരിമിതപ്പെടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. കാലത്തിനനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ സംഘടനയുടെ പ്രസക്തി നഷ്‌ടപ്പെടും.
ബ്രസീൽ, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ജി4 ന്‍റെ ഭാഗമാണ് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷ കൗൺസിലിൽ സ്ഥിരമായ സീറ്റിന് വേണ്ടി പരസ്‌പരം പിന്തുണക്കുന്ന രാജ്യങ്ങളാണെന്നിരിക്കെ കൗൺസിലിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടു. സഞ്ചാരസ്വാതന്ത്ര്യം, വികേന്ദ്രീകരണം, സുതാര്യത, ഉത്തരവാദിത്തം എന്നിവ മെച്ചപ്പെടുത്തുകയാണ് യുഎൻ പരിഷ്‌കരണ അജണ്ടയുടെ ലക്ഷ്യങ്ങൾ. ഇത് യുഎൻ അംഗങ്ങൾ അംഗീകരിക്കുകയും ചെയ്‌തു.