ന്യൂഡൽഹി: നാരദ കേസിൽ പ്രതികളായ നാല് തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് വീട്ടുതടങ്കൽ അനുവദിച്ച കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌ത് സുപ്രീംകോടതിയിൽ പ്രത്യേക ഹർജി നൽകി സിബിഐ. അന്വേഷണ ഏജൻസിയായ സിബിഐ സമർപ്പിച്ച അപ്പീലിൽ ഇന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ നടക്കാനിരിക്കുന്ന അഞ്ചംഗ ബെഞ്ചിന്‍റെ ഹിയറിംഗ് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ഗവർണർ ജഗ്‌ദീപ് ധൻഖർക്കെതിരെ പോര് കടുപ്പിച്ച് തൃണമൂൽ കോൺഗ്രസ്
നാരദ കേസിൽ പ്രതികളായ രണ്ട് സിറ്റിംഗ് മന്ത്രിമാർ ഉൾപ്പെടെ നാല് ടിഎംസി നേതാക്കൾക്ക് ജാമ്യം അനുവദിക്കാനും വീട്ടുതടങ്കലിൽ പാർപ്പിക്കാനും കൊൽക്കത്ത ഹൈക്കോടതി മെയ് 21 ന് ഉത്തരവിട്ടിരുന്നു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാരിലെ മന്ത്രിമാരാണ് അറസ്റ്റിലായ ഫിർഹാദ് ഹക്കീമും സുബ്രത മുഖർജിയും.
Also Read: ഹൈദരാബാദിലേക്ക് കൂടുതൽ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ എത്തി
2016 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു ടിഎംസി നേതാക്കൾ കൈകൂലി വാങ്ങി എന്ന് ആരോപിച്ചുകൊണ്ടുള്ള തെളിവുകൾ നാരദാ ന്യൂസ് പുറത്തുവിട്ടത്. അന്നത്തെ മന്ത്രിസഭയിലുണ്ടായിരുന്ന 12 ഓളം മന്ത്രിമാരും ടിഎംസി നേതാക്കളും ഒരു ഐപിഎസ് ഉദ്യോഗസ്ഥനും ആരോപണ വിധേയരായി. തുടർന്ന് 2017ൽ കൊൽക്കത്ത ഹൈക്കോടതി ആരോപണ വിധേയർക്കെതിരെ അന്വേഷണം നടത്താൻ വിധിക്കുകയും ചെയ്യുകയായിരുന്നു. നാരദ കേസിൽ സമഗ്രവും നിഷ്‌പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി അനുസരിച്ചായിരുന്നു കോടതി അന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.