ഔറംഗബാദ് : സീതപ്പഴത്തിന് (ആത്തച്ചക്ക) ലത മങ്കേഷ്‌കറിന്‍റെ പേര് നല്‍കിയതിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് മറാത്തി കവിയും പത്‌മശ്രീ ജേതാവുമായ നാംദേവ് ധോണ്ടോ മഹാനോർ. കര്‍ഷകന്‍ കൂടിയായ കവിയാണ് ഹിന്ദിയില്‍ പഴത്തിന് 'ലത ഫല്‍' എന്ന് പേര് നല്‍കിയത്. പ്രതിസന്ധികളെ തരണം ചെയ്‌ത് പഴം മധുരം നല്‍കുന്നതുകൊണ്ടാണ് തന്നെ ഇതിന് പ്രേരിപ്പിച്ചെന്ന് അദ്ദേഹം പറയുന്നു.
തരിശുഭൂമിയില്‍ വളരുന്ന മരം, മൃഗങ്ങളുടെ ആക്രമണമുണ്ടായിട്ടും വലുതായി ഫലം നല്‍കുന്നു. എല്ലാ പ്രതിബന്ധങ്ങളെയും നേരിട്ടാണ് മരം മധുരമേറിയ പഴം നല്‍കുന്നത്. ഭാരതരത്‌ന ലത മങ്കേഷ്‌കറിനെ പോലെ. അവരുടെ അച്ഛൻ നേരത്തേ മരിച്ചിട്ടും തന്‍റെ സഹോദരങ്ങളെ അവര്‍ ചേര്‍ത്തുപിടിച്ചു. കഠിനാധ്വാനം ചെയ്‌ത് ഉന്നതിയിൽ എത്തി.
അതുകൊണ്ടുമാത്രമല്ല താന്‍ സീതപ്പഴത്തിന് അവരുടെ പേരിട്ടത്. കാരണം, എല്ലാ പ്രതിബന്ധങ്ങളെയും അഭിമുഖീകരിച്ചിട്ടും, ലത ദീദിയുടെ ശബ്‌ദത്തിന് ഈ പഴം നല്‍കുന്ന അതേ മാധുര്യമുണ്ട്. നേരത്തെ, തന്‍റെ ഫാമിലും പരിസരത്തുമുള്ളവര്‍ മാത്രമേ ഇതിനെ 'ലതാഫൽ' എന്ന് വിളിച്ചിരുന്നുള്ളൂ.
എന്നാൽ, 1990 മുതൽ മറ്റുള്ളവരും അത് ഏറ്റുവിളിക്കാന്‍ തുടങ്ങി. മഹാനോർ അവകാശപ്പെട്ടു. അജന്ത പർവത പ്രദേശങ്ങളുടെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന പാൽസ്‌ഖേഡ ഗ്രാമത്തിലാണ് കവിയ്‌ക്ക് കൃഷിയിടമുള്ളത്.