ചെന്നൈ : മലേഷ്യയിലേക്ക് ആദ്യ ബാച്ച് നാമക്കല്‍ മുട്ടകള്‍ അയച്ചതായി അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്‌ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്‍റ് അതോറിറ്റി (എപിഇഡിഎ). തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്ന് മലേഷ്യയിലേക്കുള്ള ആദ്യത്തെ മുട്ട കയറ്റുമതി തിരുച്ചിറപ്പള്ളി വിമാനത്താവളം വഴിയാണ് നടന്നത്. ഏകദേശം 90,000 മുട്ടകളാണ് ആദ്യ ബാച്ചില്‍ അയച്ചത്.
ഡിസംബർ 15-ന് പുലർച്ചെ ചരക്ക് മലേഷ്യയിലെത്തി. മലേഷ്യയില്‍ മാസങ്ങളായി മുട്ട ക്ഷാമം നേരിടുകയാണ്. ഇതോടെയാണ് ആ രാജ്യം ഇന്ത്യയില്‍ നിന്ന് മുട്ട ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് മലേഷ്യൻ കൃഷി, ഭക്ഷ്യസുരക്ഷാമന്ത്രി ക്വാലാലംപൂരിലുള്ള ഇന്ത്യൻ എംബസിയെ ഇക്കാര്യത്തില്‍ സമീപിച്ചു.
തുടര്‍ന്ന് മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഡിസംബർ 12-ന് ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരിന് കത്ത് അയച്ചു. പിന്നാലെയാണ് കയറ്റുമതി സാധ്യമായിരിക്കുന്നത്. ട്രയൽ ഷിപ്പ്‌മെന്‍റ് മലേഷ്യ അംഗീകരിച്ചാൽ കയറ്റുമതി തുടരുമെന്ന് (എപിഇഡിഎ) റീജ്യണല്‍ ഹെഡ് ശോഭന കുമാർ പറഞ്ഞു.
കോഴിയിറച്ചിയും മുട്ടയും മലേഷ്യന്‍ ആഹാരരീതിയില്‍ പ്രധാനമാണ്. അതിനാൽ മുട്ട ക്ഷാമത്തെ ഗുരുതര ഭക്ഷ്യസുരക്ഷ പ്രശ്‌നമായാണ് മലേഷ്യൻ സർക്കാർ കണക്കാക്കുന്നത്. ആനിമൽ ക്വാറന്‍റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സര്‍വീസസും (എക്യുസിഎസ്) നാമക്കലിൽ നിന്നുള്ള ട്രയൽ ബാച്ച് കയറ്റുമതിയില്‍ നടപടികള്‍ വേഗത്തിലാക്കി.