ന്യൂഡൽഹി : വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കായി മേഘാലയയും, നാഗാലാൻഡും നാളെ പോളിങ് ബൂത്തിലേക്ക്. ഒരു മാസക്കാലമായി ദേശീയ നേതാക്കൾ ഉൾപ്പടെയുള്ളവർ അണിനിരന്ന ഗംഭീര പ്രചരണമാണ് ഇരു സംസ്ഥാനങ്ങളിലും നടന്നത്. തിങ്കളാഴ്‌ച രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് മണിവരെയാണ് വോട്ടെടുപ്പ്. മാർച്ച് 2നാണ് വോട്ടെണ്ണൽ.
60 നിയമസഭ സീറ്റുകളുള്ള മേഘാലയയിൽ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സൊഹിയോങ് മണ്ഡലത്തിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും മുൻ ആഭ്യന്തരമന്ത്രിയുമായ എച്ച്.ഡി.ആർ. ലിങ്ദോ പ്രചാരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.
60 സീറ്റുകളുള്ള നാഗാലാൻഡിലും 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസ് സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് അകുലുതോയിലെ ബിജെപി സ്ഥാനാർഥി കഷെട്ടോ കിനിമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മേഘാലയയിലെ 3,419 ബൂത്തുകളിലായാണ് പോളിംഗ് നടക്കുക. 60 നിയമസഭ മണ്ഡലങ്ങളിൽ 36 എണ്ണം ഖാസിയിലും 24 ജയന്തിയാ ഹിൽസ് മേഖലയിലും 24 ഗാരോ ഹിൽസിലുമാണ് ഉൾപ്പെടുന്നത്. സംസ്ഥാനത്ത് 21 ലക്ഷത്തിലധികം (21,75,236) വോട്ടർമാരാണുള്ളത്. വോട്ടർമാരിൽ 10.99 ലക്ഷം സ്ത്രീകളാണ്. അതേസമയം നാഗാലാൻഡിൽ 13 ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്.
ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ വാശിയേറിയ പ്രചാരണ പരിപാടികൾക്കാണ് ഇരുസംസ്ഥാനങ്ങളും സാക്ഷ്യം വഹിച്ചത്. ബിജെപിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്.
അതേസമയം കോൺഗ്രസിന് വേണ്ടി രാഹുൽഗാന്ധി മേഘാലയയിലും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നാഗാലാൻഡിലും പ്രചാരണത്തിന് നേതൃത്വം നൽകി.