ന്യൂഡൽഹി: ഡൽഹി നിയമസഭ മന്ദിരത്തിനകത്ത് തുരങ്കം കണ്ടെത്തിയതിൽ ശാസ്‌ത്രീയ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ചരിത്രകാരന്മാരും എഎസ്‌ഐ ഉൾപ്പെടെയുള്ള പൈതൃക വിദഗ്‌ധരും. തുരങ്കത്തെക്കുറിച്ച് കൂടുതൽ പഠനം നടത്താതെ ഒരു നിഗമനത്തിലെത്താനും സാധിക്കില്ലെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
ബ്രിട്ടീഷ് സാമ്രാജ്യ കാലത്ത് ഭരണതലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയതിന് ശേഷം 1912ൽ പണികഴിപ്പിച്ച ഡൽഹി നിയമസഭയുടെ (പഴയ സെക്രട്ടേറിയറ്റ്) താഴെയാണ് തുരങ്കം കണ്ടെത്തിയത്. നിയമസഭ മന്ദിരത്തെയും റെഡ് ഫോർട്ടിനെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് തുരങ്കം പണികഴിപ്പിച്ചിട്ടുള്ളത്. എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തുരങ്കം ചെങ്കോട്ടയിലേക്കുള്ളതാണെന്ന് ഉറപ്പിക്കാൻ സാധിക്കില്ലെന്നതാണ് വിദഗ്‌ധ പക്ഷം.
തുരങ്കത്തിന്‍റെ ചരിത്രപരമായ പ്രാധാന്യം ഇനിയും സ്ഥാപിക്കപ്പെടാനുണ്ടെന്നും സ്വാതന്ത്ര്യ സമര സേനാനികളെ കൊണ്ടുപോകുമ്പോഴുള്ള ജനരോഷം ഒഴിവാക്കാനായി ബ്രിട്ടീഷുകാർ നിർമിച്ചതാകാം ഈ തുരങ്കമെന്നും ഡൽഹി നിയമസഭ സ്‌പീക്കർ റാം നിവാസ് ഗോയൽ അഭിപ്രായപ്പെട്ടിരുന്നു.
'തെളിവുകളുടെ അഭാവത്തിൽ നിഗമനത്തിലെത്താൻ പ്രയാസം'
തുരങ്കത്തെ സംബന്ധിക്കുന്ന ശാസ്‌ത്രീയ പഠനങ്ങളോ തെളിവുകളോ ഇല്ലാതെ നിഗമനത്തിലെത്താൻ പ്രയാസമാണെന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. ശാസ്‌ത്രീയമല്ലാത്ത അനുമാനങ്ങളും സിദ്ധാന്തങ്ങളുമാണ് അന്തരീക്ഷത്തിലുള്ളതെന്നും പുരാവസ്‌തുപരമായി തുരങ്കത്തെപ്പറ്റി പഠിക്കേണ്ടതുണ്ടെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (എഎസ്ഐ) ഉദ്യോഗസ്ഥൻ പറഞ്ഞു. ശാസ്‌ത്രീയമായി പഠനം നടത്തിയാൽ മാത്രമേ വിഷയത്തിൽ പ്രതികരിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
17-ാം നൂറ്റാണ്ടിലെ മുഗൾ സ്‌മാരകങ്ങളും ഡൽഹി നിയമസഭയും തമ്മിലുള്ള ദൂരം ആറ് കിലോമീറ്ററിൽ കുറവായതിനാൽ ചെങ്കോട്ട സിദ്ധാന്തം നിലനിൽക്കുന്നതല്ലെന്നും ചരിത്ര പഠിതാക്കൾ അഭിപ്രായപ്പെടുന്നു. കൃത്യമായ തെളിവുകളുടെ അസാന്നിധ്യത്തിൽ ഇരുപതാം നൂറ്റാണ്ടിൽ തുരങ്കം പണികഴിപ്പിച്ചതാണെന്ന കാര്യത്തിലും വ്യക്തതയില്ലെന്നും വിദഗ്‌ധർ അഭിപ്രായപ്പെട്ടു.
വ്യത്യസ്‌ത അഭിപ്രായവുമായി ചരിത്രകാരൻമാർ
ആർക്കിടെക്റ്റ് ഇ മോണ്ടെഗ് തോമസ് രൂപകൽപന ചെയ്‌ത നിയമസഭ മന്ദിരം ബ്രിട്ടീഷ് ഭരണത്തിൽ കീഴിലെ സർക്കാർ സെക്രട്ടേറിയറ്റ് ആയിരുന്നു. തുരങ്കം ചെങ്കോട്ടയിലേക്കാണെന്ന് പറയുന്ന സിദ്ധാന്തത്തിന് ശാസ്‌ത്രീയമായ പിന്തുണയില്ലെന്ന് ചരിത്രകാരിയും എഴുത്തുകാരിയുമായ സ്വപ്‌ന ലിഡിൽ പറഞ്ഞു.
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ആളുകളെ ഒളിപ്പിക്കാനായി നിർമിച്ച തുരങ്കമാണെന്നും അഭിപ്രായമുയരുന്നുണ്ട്. രണ്ട് കാലഘട്ടങ്ങളിലെ രണ്ട് കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ വിശകലനം കൃത്യമായതല്ലെന്ന് ചരിത്രകാരിയും എഴുത്തുകാരിയുമായ റാണ സഫ്‌വി അഭിപ്രായപ്പെട്ടു.
READ MORE: ഡൽഹി നിയമസഭ മന്ദിരത്തിൽ രഹസ്യ തുരങ്കം; നീളുന്നത് ചെങ്കോട്ട വരെ!