ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ബ്രിട്ടീഷുകാർക്ക്,India's Freedom Struggle അക്ഷരാർത്ഥത്തിൽ പേടിസ്വപ്‌നങ്ങൾ മാത്രം സമ്മാനിച്ച ധീര നായകനായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ് Subhas Chandra Bose. എന്നാല്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട പ്രഭാത ഭക്ഷണം ഒരു ബ്രിട്ടീഷ് വിഭവമായിരുന്നു. ബ്രിട്ടീഷുകാരെ വിറപ്പിച്ച ആ സ്വാതന്ത്ര്യ സമര നായകന്‍റെ പ്രിയ ഭക്ഷണമായി ഒരു ഇംഗ്ലീഷ് വിഭവം മാറിയത് എങ്ങനെ എന്നറിയണമെങ്കില്‍ ഗിദ്ദാപഹാർ,Giddapahar Darjeeling Hills ബംഗ്ലാവിലെ അദ്ദേഹത്തിന്‍റെ വീട്ടുതടങ്കല്‍ ദിനങ്ങളുടെ ചരിത്രം അറിയണം.
നേതാജി വീട്ടുതടങ്കലിൽ
വര്‍ഷം 1936. നേതാജി ഡാർജിലിങ് കുന്നുകളിലെ ഗിദ്ദാപഹാർ ബംഗ്ലാവിൽ വീട്ടുതടങ്കലിൽ ആയിരുന്നു. ആറുമാസത്തോളം ബംഗ്ലാവിന്‍റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയ അദ്ദേഹം ഇവിടെ വച്ചാണ് സാധാരണ ഇന്ത്യൻ പ്രഭാതഭക്ഷണ രീതികളില്‍ നിന്ന് മാറി ഇംഗ്ലീഷ് വിഭവങ്ങള്‍ തിരഞ്ഞെടുത്തത്. പാത്രങ്ങളിലെ പുഡ്ഡിങ്ങിനൊപ്പം പ്ലേറ്റുകളിൽ ബ്രെഡ് അപ്പങ്ങൾ അദ്ദേഹത്തിന്‍റെ അടുക്കൽ എത്തി. പാതി കഴിച്ച് ബാക്കി വയ്ക്കുന്ന വിഭവങ്ങള്‍ അദ്ദേഹം ആശയ വിനിമയത്തിനുള്ള ആയുധങ്ങളാക്കി.
കൊല്‍ക്കത്തയിലേക്കുള്ള കത്തുകള്‍
വീട്ടുതടങ്കലിലായിരുന്ന ദിവസങ്ങളിൽ തന്‍റെ സ്വകാര്യ പാചകക്കാരനായ കാലു സിങ് ലാമ ഒഴികെ പുറത്തുനിന്നുള്ള ആരുമായും ഇടപഴകാനോ സംസാരിക്കാനോ പോലും നേതാജിക്ക് അനുവാദമുണ്ടായിരുന്നില്ല. എല്ലാ ദിവസവും രാവിലെ കാലു തന്‍റെ പ്രാതൽ ട്രേയുമായി നേതാജിയുടെ മുറിയിൽ എത്തും. മിക്ക ദിവസങ്ങളിലും നേതാജി മുഴുവൻ ഭക്ഷണവും കഴിക്കാൻ വിസമ്മതിച്ചു. ബാക്കിയാകുന്ന ഭക്ഷണം കാലു എടുത്തു കൊണ്ടുപോകും.
പാതി തിന്നതോ ചെറുതായി പൊട്ടിച്ചതോ ആയ ഓരോ വിഭവങ്ങളിലും കൊല്‍ക്കത്തയിലെ തന്‍റെ സുഹൃത്തുക്കള്‍ക്കായുള്ള നേതാജിയുടെ കത്തുകളും നിർദ്ദേശങ്ങളുമുണ്ടായിരുന്നു. അത് കാലു ശേഖരിക്കുകയും പിന്നീട് തന്‍റെ ഷൂസിനുള്ളിലാക്കി കൊൽക്കത്തയിലേക്ക് കടത്തുകയും ചെയ്‌തു. എല്ലാം ബ്രിട്ടീഷ് ചാരന്മാരുടെ മൂക്കിന് താഴെ. അങ്ങനെ ഗിദ്ദാപഹാറിലെ നേതാജിയുടെ വീട്ടുതടങ്കൽ ദിനങ്ങളിൽ കാലു സിങ് ലാമ അദ്ദേഹത്തിന്‍റെ യഥാർഥ സഖാവായി മാറി.
കാലു സിങ്ങിന്‍റെ കഥകള്‍ ഓരോന്നും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ആ കൂട്ടത്തില്‍ പ്രധാനി കാലുവിന്‍റെ മകള്‍ മോട്ടിയാണ്. ഗിദ്ദാപഹാർ ബംഗ്ലാവിലെ വീട്ടുതടങ്കല്‍ കാലത്ത് കാലു സിങ്ങിനെ കൂടാതെ നേതാജിയുടെ അടുത്ത് ചെല്ലാന്‍ അനുവാദമുണ്ടായിരുന്ന ഒരേയൊരാള്‍ കുഞ്ഞു മോട്ടിയായിരുന്നു. നേതാജിക്കൊപ്പം ചിലവഴിച്ച തന്‍റെ ബാല്യകാല ദിനങ്ങളെ ഇന്നും മോട്ടി അഭിമാനത്തോടെ ഓര്‍ക്കുന്നു.
ഗിദ്ദാപഹാർ ബംഗ്ലാവ്
സുഭാഷ് ചന്ദ്ര ബോസിന്‍റെ മൂത്ത സഹോദരൻ ശരത് ചന്ദ്രബോസ് 1922-ലാണ് ഗിദ്ദാപഹാർ ബംഗ്ലാവ് വാങ്ങുന്നത്. അതിനുശേഷം ബോസ് കുടുംബം വർഷത്തിൽ രണ്ട് തവണയെങ്കിലും ഈ സ്ഥലത്ത് വന്ന് താമസിക്കുന്നത് പതിവായി. ഈ സന്ദര്‍ശനങ്ങളിലൊക്കെ നേതാജിയും കുടുംബത്തോടൊപ്പം ഇവിടെ വന്നിരുന്നു.
ഇത് 1935 വരെ തുടർന്നു. ഇതേ വീട്ടിലാണ് ബ്രിട്ടീഷുകാർ അദ്ദേഹത്തെ തടങ്കലിൽ ആക്കിയതും. 1996-ൽ ബംഗ്ലാവ് പശ്ചിമ ബംഗാൾ സർക്കാരിന്‍റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുകയും പിന്നീട് നേതാജി ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഏഷ്യൻ സ്‌റ്റഡീസിന് കൈമാറുകയും ചെയ്‌തു. ധീരതയും മാതൃരാജ്യത്തോടുള്ള സ്നേഹവും ജ്വലിക്കുന്ന, ഓരോ കോണുകളിലും നേതാജിയുടെ അവശേഷിപ്പുകളും ഉൾക്കൊള്ളുന്ന ഒരു മ്യൂസിയം ഇവിടെ ഉയർന്നുവന്നു.
മലയോരത്തെ ബംഗ്ലാവിൽ വീട്ടുതടങ്കലിലായിരിക്കെ നേതാജി 26 കത്തുകൾ എഴുതിയിട്ടുണ്ടെന്നും അതേ രീതിയിൽ അദ്ദേഹത്തിന് മറുപടികൾ ലഭിക്കാറുണ്ടായിരുന്നെന്നും ഗിദ്ദാപഹാർ ബംഗ്ലാവിലെ മ്യൂസിയത്തിന്‍റെ ഇപ്പോഴത്തെ ക്യൂറേറ്ററായ ഗണേഷ് പ്രധാന്‍ പറഞ്ഞു. ഗിദ്ദാപഹാറിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ കത്തുകൾ രവീന്ദ്രനാഥ ടാഗോറിനും ജവഹർലാൽ നെഹ്‌റുവിനും മറ്റ് പലർക്കും പോയിരുന്നു. 1938 ൽ ഹരിപുര കോൺഗ്രസിൽ നടത്തിയ പ്രസംഗം ഈ ബംഗ്ലാവിൽവച്ചാണ് നേതാജി തയ്യാറാക്കിയത്.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ രഹസ്യങ്ങൾ ഇന്നും മറഞ്ഞിരിക്കുന്ന പച്ച പുതച്ച കുന്നുകൾക്കിടയിൽ ഗിദ്ദാപഹാർ ബംഗ്ലാവ് ഇന്ന് തലയുയർത്തി നിൽക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്‍റെ രഹസ്യ ചരിത്രമായി.
ALSO READ: Udham Singh: ഉധം സിങ്, ബ്രിട്ടീഷുകാരോട് പകരം ചോദിക്കാൻ 20 വര്‍ഷം കാത്ത പോരാളി