ദിസ്‌പൂർ: രാജ്യത്തുടനീളം മതത്തിന്‍റെ പേരിലുളള സ്പര്‍ദ്ധ വളര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അസമിലെ ഗോലാഘട്ട് ജില്ലയിലുള്ള ഒരു സ്ത്രീ മതസൗഹാര്‍ദ്ദത്തിന്‍റെ ഉദാത്ത മാതൃകയായി മാറുന്നു. സഹാനുര്‍ ബീഗം എന്നാണ് അവരുടെ പേര്. ഉത്തരേന്ത്യയിൽ ഇത്തരത്തിലൊന്ന് നമുക്ക് ചിന്തിക്കാൻ കൂടി കഴിയാത്ത സാഹചര്യത്തിലാണ് സഹാനുര്‍ ബീഗം മതസൗഹാർദ്ദത്തിന്‍റെ ഉത്തമ ഉദാഹരണമായി മാറുന്നത്. കഴിഞ്ഞ 35 വര്‍ഷമായി സഹാനുര്‍ ഹിന്ദുക്കളുടെ ശ്മശാനം വൃത്തിയാക്കി പരിപാലിച്ച് വരുന്നു. അതും പ്രതിഫലം ഒന്നും ആഗ്രഹിക്കാതെ!
രാവിലെ എഴുന്നേറ്റ് തന്‍റെ നിസ്‌കാരം പൂര്‍ത്തിയാക്കിയതിനു ശേഷം സഹാനൂര്‍ തൊഴിലെടുക്കുന്നതിനു വേണ്ടി പുറപ്പെടുന്നു. തേന്‍പൂരിലെ ശാന്തിബന്‍ ശ്മശാനത്തില്‍ എത്തി കഴിഞ്ഞാല്‍ ചൂലും മുളയുടെ കൂടയുമെടുത്ത് തന്‍റെ ജോലിക്കിറങ്ങുന്നു. ശ്മശാനത്തിന്‍റെ ഒരറ്റം മുതല്‍ മറ്റൊരു അറ്റം വരെ വൃത്തിയാക്കലാണ് പിന്നീട് അവരുടെ ജോലി. കഴിഞ്ഞ 35 വര്‍ഷമായി ഈ തൊഴിലില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല അവര്‍.
കഴിഞ്ഞ 30 വര്‍ഷമായി ശ്മശാനവുമായി വളരെ അടുത്ത ബന്ധമാണ് സഹാനുറിനുള്ളത്. ശ്മശാനം വൃത്തിയാക്കി പരിപാലിക്കുക മാത്രമല്ല അവര്‍ ചെയ്യുന്നത്. ശ്മശാന ഭൂമിയില്‍ മാവും വാഴയും പേരക്കയും മുളയുമൊക്കെയായി ഒട്ടേറെ മരങ്ങളും സഹാനുര്‍ ബീഗം വെച്ചു പിടിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാനെത്തുന്നവര്‍ക്ക് വേണ്ട എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുക്കുന്നുതിന് യാതൊരു മടിയും സഹാനുർ കാണിക്കാറില്ല.
സഹാനുര്‍ ബീഗത്തെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളും ഒരുപോലെയാണ്. തന്‍റെ സേവനത്തിന് പ്രതിഫലം ഒന്നും അവര്‍ ഒരിക്കലും വാങ്ങിയിട്ടില്ല. ജീവിതത്തിന്‍റെ നാനാ തുറകളില്‍ പെട്ടവര്‍ അവരുടെ ഈ സല്‍ക്കര്‍മ്മത്തെ വാഴ്ത്തുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 26-ന് ജില്ലാ ഭരണകൂടവും അവരെ ആദരിക്കുകയുണ്ടായി.
രാജ്യത്ത് മനുഷ്യ മനസ്സുകളെ മതവെറി കീഴടക്കി കൊണ്ടിരിക്കുകയാണെങ്കിലും സഹാനൂര്‍ ബീഗത്തെ പോലുള്ള സാധാരണക്കാരായ ജനങ്ങള്‍ സമൂഹത്തിൽ ഐക്യവും മാനവികതയും ശക്തിപ്പെടുത്തുവാന്‍ കഴിവുള്ളവര്‍ തന്നെയാണ്.