ന്യൂഡല്‍ഹി : ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദഭോൽക്കർ, എംഎം കൽബുർഗി, ഗൗരി ലങ്കേഷ് തുടങ്ങിയ നാല് ചിന്തകരുടെ കൊലപാതകങ്ങള്‍ക്ക് പൊതുവായ വല്ല ബന്ധവുമുണ്ടോയെന്ന് പരിശോധിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. നരേന്ദ്ര ദഭോൽക്കറുടെ മകള്‍ മുക്ത ദഭോൽക്കറുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്‌റ്റിസ് സഞ്‌ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് സിബിഐയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പരാതിക്കാരിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് ഗ്രോവറാണ് ഹാജരായത്.
പ്രശ്‌നങ്ങള്‍ ഉന്നയിച്ച് : വാദം കേള്‍ക്കുന്നതിനിടെ വിഷയത്തില്‍ രണ്ടുതരം പ്രശ്‌നങ്ങളുണ്ടെന്ന് ആനന്ദ് ഗ്രോവര്‍ കോടതിയെ അറിയിച്ചു. ഒന്നാമതായി, കൊലപാതക ഉദ്ദേശ്യം ചോദ്യം ചെയ്‌തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ സിബിഐ അന്വേഷണം പൂർത്തിയായിരുന്നില്ല. രണ്ടാമതായി, പൻസാരെ, ദാഭോൽക്കർ, പ്രൊഫസർ കൽബുർഗി, കവിത ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങൾ ബന്ധപ്പെട്ടിരിക്കുന്നതായി തെളിവുകൾ സൂചിപ്പിക്കുന്നു. ഇത് ബോംബെ ഹൈക്കോടതിയിൽ ഉന്നയിക്കപ്പെട്ടിരുന്നെന്നും അദ്ദേഹം അറിയിച്ചു.
ചോദ്യങ്ങളില്‍ കഴമ്പുണ്ടോ : വിചാരണ പുരോഗമിക്കുന്നതിനാലും നിരവധി സാക്ഷികളെ വിസ്‌തരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യേണ്ടതിനാലും അന്വേഷണം നിരീക്ഷിക്കാൻ ഹൈക്കോടതി വിസമ്മതിച്ചില്ലേയെന്നും അത്തരമൊരു നിരീക്ഷണത്തിൽ എന്താണ് തെറ്റെന്നും സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. എന്നാല്‍ ഒളിവിലുള്ളവരെ ഇതുവരെ അറസ്‌റ്റ് ചെയ്തിട്ടില്ലെന്നറിയിച്ച് ഈ സമയം ആനന്ദ് ഗ്രോവർ വീണ്ടും ഇടപെട്ടു. ഇതോടെ, ഗ്രോവറിന്‍റെ ഗൂഢാലോചനാവാദത്തെക്കുറിച്ച് സിബിഐക്കായി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോട് ബെഞ്ച് ആരാഞ്ഞു.
കൊലപാതകങ്ങള്‍ക്ക് ബന്ധമുണ്ടോ : ഭരണപരമായ ചില ബുദ്ധിമുട്ടുകൾ കാരണമായിരുന്നു ഇതെന്നും, ഇത് വ്യക്തമാക്കി ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഒരു എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും വിചാരണയുടെ നിലയെക്കുറിച്ച് കോടതിയെ അറിയിച്ചിരുന്നുവെന്നും ഐശ്വര്യ ഭാട്ടി മറുപടി നല്‍കി. പ്രതികള്‍ വിചാരണ നേരിടുകയാണ്. ഇതോടെ, നിങ്ങളുടെ അഭിപ്രായത്തില്‍ നാല് കൊലപാതകങ്ങള്‍ക്കും പൊതുവായി ബന്ധമുള്ളതായി തോന്നുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. കോടതിക്ക് ഇത് അറിയണം. അതുകൊണ്ട് അതേക്കുറിച്ച് പരിശോധിക്കണമെന്നും കോടതി ഐശ്വര്യ ഭാട്ടിയോട് ആവശ്യപ്പെട്ടു.
Also read: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് വർഷത്തോളം പീഡിപ്പിച്ചു ; പ്രതിക്ക് 97 വർഷം കഠിന തടവ്
നരേന്ദ്ര ദഭോൽക്കര്‍ വധം : വിഷയത്തില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ആനന്ദ് ഗ്രോവറിന് സുപ്രീംകോടതി രണ്ടാഴ്‌ചത്തെ സമയം അനുവദിച്ചു. ഇത് ഗൂഢാലോചനയെക്കുറിച്ച് പരിശോധിക്കാന്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറലിനെ സഹായിക്കുമെന്നും ബെഞ്ച് അറിയിച്ചു. 2013 ലാണ് ചിന്തകനും സാമൂഹിക പ്രവര്‍ത്തകനുമായ നരേന്ദ്ര ദഭോൽക്കർ പ്രഭാത സവാരിക്കിടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ 2014 ല്‍ ബോംബൈ ഹൈക്കോടതി അന്വേഷണം പൂനെ പൊലീസില്‍ നിന്നും സിബിഐക്ക് കൈമാറുകയും അന്നുമുതല്‍ കേസിന്‍റെ പുരോഗതി നിരീക്ഷിച്ചുവരികയുമാണ്.