രാജ്‌നന്ദ്ഗാവ് : ഛത്തീസ്‌ഗഢിലെ മേധാ ഗ്രാമത്തിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടി പൊലീസ്. എൽബി നഗർ സ്വദേശിയായ കൊമേശ് സാഹുവാണ് മരിച്ചത്. മേധ ഗ്രാമവാസിയായ സോനു എന്ന് വിളിക്കുന്ന ദേവേന്ദ്ര സിൻഹയെ പൊലീസ് പിടികൂടി.
പെണ്ണാണെന്ന വ്യാജേന കോമേശുമായി ദേവേന്ദ്ര സിൻഹ ചാറ്റ് ചെയ്‌ത് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം. മെയ് മൂന്നിന് ഒരു കല്യാണത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞാണ് കോമേശ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ യുവാവ് വീട്ടിൽ തിരിച്ചെത്തിയില്ല.
ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ല. തുടർന്ന് വീട്ടുകാർ തെരച്ചിൽ ആരംഭിച്ചു. മെയ് നാലിന് ബന്ധുക്കൾ ചിച്ചോല പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തെരച്ചിലിൽ മെയ് അഞ്ചിന് മേധ ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ നിന്ന് കോമേശിന്‍റെ മൃതദേഹം കണ്ടെത്തി.
കൊലപാതകത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് പൊലീസ് കോമേശിന്‍റെ ഫോൺ ലൊക്കേഷൻ കണ്ടെത്തി. ഇയാളുടെ മൊബൈൽ മേധ ഗ്രാമവാസിയായ ദേവേന്ദ്ര സിൻഹയുടെ പക്കലുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് സോനുവിനെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്‌തു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. എട്ട് മാസം മുൻപ് മാൻസി എന്ന വ്യാജ അക്കൗണ്ടിലൂടെ ദേവേന്ദ്ര സിൻഹ കോമേശുമായി ചാറ്റിങ് ആരംഭിച്ചു. പെണ്ണാണെന്ന വ്യാജേന പണം തട്ടിയെടുക്കാനായിരുന്നു ദേവേന്ദ്രയുടെ ലക്ഷ്യം. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് മെയ് മൂന്നിന് ദേവേന്ദ്ര സിൻഹ കൊമേഷ് സാഹുവിനെ മേധ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തി.
പണവുമായി വന്ന കോമേശിനോട് തന്നെ മാൻസി അയച്ചതാണെന്നും പണം തന്‍റെ കൈയിൽ തരണമെന്നും ദേവേന്ദ്ര സിൻഹ പറഞ്ഞു. എന്നാൽ, മാൻസിയുടെ കൈയിലേ പണം നൽകു എന്ന് കോമേശ് ദേവേന്ദ്ര സിൻഹയോട് പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമാകുകയും ഒടുവിൽ ദേവേന്ദ്രയാണ് മാൻസി എന്ന പേരിൽ ചാറ്റ് ചെയ്‌തിരുന്നതെന്ന് കോമേശ് തിരിച്ചറിയുകയും ചെയ്‌തു. തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയിൽ നിന്ന് ഒരു ലക്ഷം രൂപയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.