മുംബൈ: പുതിയതായി സ്ഥാനമേറ്റെടുത്ത മുംബൈ പൊലീസ് കമ്മിഷണര്‍ ഹേമന്ത് നാഗ്രലെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച മുംബൈ പൊലീസ് കമ്മിഷണറായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായാണ് നാഗ്രാലെ ഗവര്‍ണറെ കാണുന്നത്.
ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുകേഷ് അംബാനിയുടെ വസതിക്ക് സമീപത്ത് നിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിനും തുടര്‍സംഭവങ്ങള്‍ക്കും പിന്നാലെയാണ് പരം ബിര്‍ സിംഗിനെ മാറ്റി ഹേമന്ത് നാഗ്രലെയെ മുംബൈ പൊലീസ് കമ്മിഷണറായി നിയമിച്ചത്.
സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പരം ബിര്‍ സിംഗ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ദവ് താക്കറയ്ക്ക് അയച്ച കത്തില്‍, ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വ്യാപക ക്രമക്കേടുകള്‍ നടത്തുന്നതായാണ് സിംഗിന്‍റെ ആരോപണം. എല്ലാ മാസവും 100 കോടി രൂപ ശേഖരിച്ച് നല്‍കാന്‍ അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സച്ചിന്‍ വാസേയോട് ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നു.
വാസെയെ ദേശ്മുഖ് നിരവധി തവണ സ്വന്തം ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പണം കണ്ടെത്താന്‍ കൂട്ട് നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. യഥാര്‍ഥ കുറ്റവാളികളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തന്നെ ബലിയാടാക്കുന്നെന്നും സിംഗ് കത്തില്‍ പറയുന്നു. ആരോപണങ്ങള്‍ നിഷേധിച്ച മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് കേസുകളില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പറഞ്ഞു. സിംഗിനെ നീക്കിയത് കേസുകള്‍ തടസമില്ലാതെ അന്വേഷിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കാറില്‍ നിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതും, കാറുടമ മന്‍സുക് ഹിരണിന്‍റെ ദുരൂഹ മരണവും കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയ്ക്ക് വിട്ടിരുന്നു. കേസില്‍ അറസ്റ്റിലായ അസിസ്റ്റന്‍റ് പൊലീസ് ഇന്‍സ്പെകടര്‍ സച്ചിന്‍ വാസെ വ്യാഴാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയിലാണ്. സംഭവങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളും മഹാരാഷ്ട്രയില്‍ ശക്തമാകുകയാണ്.