മുംബൈ : കശ്‌മീരിൽ നിന്ന് കാറിൽ കടത്താൻ ശ്രമിച്ച 14.44 കോടി രൂപ വിലമതിക്കുന്ന ചരസ് മുംബൈ പൊലീസ് പിടികൂടി. സംഭവത്തിൽ രണ്ട് സ്‌ത്രീകളുൾപ്പെടെ നാല് പേർ അറസ്റ്റിൽ. പവായ് സ്വദേശിയായ ബന്ദു ദഗഡു ഉദാൻഷിവ് (52), ഇയാളുടെ ഭാര്യ ക്ലേര (52), മകൾ സിന്തിയ (23), ഇവരോടൊപ്പമുള്ള ജാസർ ജഹാംഗീർ ഷെയ്ഖ് (24) എന്നിവരാണ് അറസ്റ്റിലായത്.
മുംബൈ ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിങ്കളാഴ്‌ച ദഹിസർ ഹൈവേയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. വിനോദയാത്രയെന്ന പേരിൽ കുടുംബസമേതം പലതവണ കശ്‌മീർ സന്ദർശിക്കാറുണ്ടായിരുന്ന ഇവർ ഉയർന്ന നിലവാരമുള്ള ചരസ് കടത്തി വിൽപ്പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ALSO READ: തൃശൂരിൽ ഇരുതലമൂരിയുമായി 4 പേർ പിടിയിൽ
അന്വേഷണത്തിൽ മുഖ്യപ്രതി ഉദാൻഷിവ് കശ്‌മീരിൽ നിന്ന് പതിവായി മയക്കുമരുന്ന് കടത്തിയിരുന്നതായി കണ്ടെത്തി. പൊലീസ് പരിശോധനകൾ നടത്താതിരിക്കാനാണ് സ്ത്രീകളെയും യാത്രയിൽ ഉൾപ്പെടുത്തിയിരുന്നത്.
നേരത്തേ 2010ൽ 39 കിലോഗ്രാം ചരസുമായി ഇയാളെ മുംബൈ ആന്‍റി നാർക്കോട്ടിക്‌സ് സെൽ പിടികൂടിയിരുന്നു. അതേസമയം പ്രതികൾ ആർക്കൊക്കെയാണ് നിരോധിത ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയതെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.