മുംബൈ/ ഭുവനേശ്വര്‍: ബുള്ളി ഭായ് ആപ്പ് ഉപയോഗിച്ച് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഒഡിഷ സ്വദേശി നീരജ് സീങാണ് മുംബൈ സൈബര്‍ പൊലീസിന്‍റെ പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കേസില്‍ പ്രതികളുടെ ജാമ്യമാപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. നേരത്തെ വിശല്‍ ജാ, സ്വേത സിംഗ്, മായങ്ക് റാവല്‍, ആപ്പ് നിര്‍മാതാവും അസം സ്വദേശിയുമായ നീരജ് ബിഷ്നോയ് എന്നിവര്‍ അറസ്റ്റിലായിരുന്നു. ബന്ദ്ര കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Also Read: മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ലൈംഗികച്ചുവയോടെ 'ബുള്ളി ഭായി'യില്‍ : എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ
ഗിറ്റ്ഹബ്ബ് പ്ലാറ്റ്‌ഫോം വഴി നൂറുകണക്കിന് മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് അനുമതിയില്ലാതെ ആപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. ഹിന്ദുത്വ വര്‍ഗീയവാദികള്‍ മുസ്ലിം സ്ത്രീകളെ വിളിക്കുന്ന 'സുള്ളി' എന്ന പദം ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നായിരുന്നു ആരോപണം.
'സുള്ളി ഓഫ് ദ ഡേ' എന്ന പ്രയോഗം വച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ വ്യാപകമായി കൈമാറ്റം ചെയ്യുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ സ്വാധീനമുള്ള മുസ്ലിം സ്ത്രീകളെ കണ്ടെത്തി അവരുടെ ചിത്രങ്ങളാണ് ആപ്പില്‍ ഉപയോഗിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.