മുംബൈ: വിവിധ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടം വിതച്ച ടൗട്ടെ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞത് മുംബൈ നിവാസികൾക്ക് ആശ്വാസമായി. 24 മണിക്കൂറിനിടെ 230 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ കുറഞ്ഞു. തിങ്കളാഴ്ച താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങുകയും വീടുകൾക്ക് വ്യാപക നാശനഷ്ടമുണ്ടായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചുഴലിക്കാറ്റ് മത്സ്യത്തൊഴിലാളികൾക്കും കനത്ത നഷ്ടമാണ് വരുത്തിയത്. സസ്സൂൺ ഡോക്ക് തുറമുഖത്ത് 52 ഓളം മത്സ്യബന്ധന ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മഹിം, മാദ് ജെട്ടി എന്നിവിടങ്ങളിൽ രണ്ട് ബോട്ടുകൾ മുങ്ങുകയും ഇതിൽ രണ്ടെണ്ണം കാണാതാകുകയും ചെയ്തു. ഈ ബോട്ടുകളിൽ നിന്ന് എട്ട് പേരെ രക്ഷപ്പെടുത്തി.
താനെയിലെ ഉത്തൻ ഗ്രാമത്തിൽ നിന്നുള്ള "ന്യൂ ഹെൽപ്പ് മേരി ബോട്ട്" കഴിഞ്ഞ മൂന്ന് ദിവസമായി കടലിൽ കുടുങ്ങിക്കിടക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ സഹായം ലഭിക്കാത്തതിനാൽ കമ്മീഷ്ണർക്കെതിരെ ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ആറ് മത്സ്യത്തൊഴിലാളികൾ ബോട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അഖിൽ മഹാരാഷ്ട്ര മച്ചിമാർ കൃതി സമിതി ചെയർമാൻ ദേവേന്ദ്ര തണ്ടേൽ അറിയിച്ചു.
ശക്തമായ കാറ്റിനെത്തുടർന്ന് സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തിലെ നൂറുകണക്കിന് മരങ്ങളാണ് പിഴുതുമാറ്റിയത് ഇവയിൽ ചിലത് നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ചരിത്രപ്രാധാന്യമുള്ള ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്കടുത്തുള്ള സുരക്ഷാ മതിലും ചുഴലിക്കാറ്റിൽ തകർന്നു. ഇതേത്തുടർന്ന് മുംബൈ മേയർ കിഷോരി പെദ്‌നേക്കർ ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ച് മതിൽ നന്നാക്കാനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു.ഇതുവരെ നഗരത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയുടെ എമർജൻസി ഹെൽപ്പ് ലൈൻ നമ്പറിലേക്ക് നിരവധി പേരാണ് പരാധികളുമായി വിളിക്കുന്നത്.
കൂടുതൽ വായിക്കാന്‍: ടൗട്ടെ ചുഴലിക്കാറ്റ്; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ബുധനാഴ്ച ഗുജറാത്തില്‍