മുംബൈ : ദുരൂഹ സാഹചര്യത്തിൽ ഹോസ്റ്റൽ മുറിയിൽ 19 കാരിയായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. മുംബൈ മറൈൻ ഡ്രൈവിലെ സാവിത്രിഭായ് ഫുലെ ഗേൾസ് ഹോസ്റ്റലിലെ മുറിയിൽ ഇന്നലെ വൈകുന്നേരമാണ് കഴുത്തിൽ ഷാൾ കുരുക്കിയ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുറി പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അഭിനവ് ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.
ഹോസ്റ്റൽ അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. ഹോസ്റ്റലിൽ ജോലി ചെയ്തിരുന്നയാൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതേസമയം, പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് മുതൽ ഹോസ്റ്റൽ ജീവനക്കാരനായ ഓംപ്രകാശ് കനോജിയയെ കാണാതായിരുന്നു.
സംഭവസ്ഥലത്ത് നിന്നും ആവശ്യമായ സാമ്പിളുകൾ ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എസിപി കൂട്ടിച്ചേർത്തു.
അതിനിടെ സംഭവസ്ഥലത്ത് നിന്നും കാണാതായ ഹോസ്റ്റൽ ജീവനക്കാരനായ ഓംപ്രകാശ് കനോജിയ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. കേസിൽ അറസ്റ്റ് ഭയന്നാണ് കനോജിയ റെയിൽ പാളത്തിൽ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. ചാർണി റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കനോജിയയുടെ മൃതദേഹവും പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഉത്തർപ്രദേശ് സ്വദേശിയായ കനോജിയ ഹോസ്റ്റലിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നുവെന്നും ബന്ധുക്കളെ വിവരമറിയിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.