മുംബൈ: ദാദറിലെ ബിഎംസിയുടെ കോഹിനൂർ പബ്ലിക് പാർക്കിങിൽ മുംബൈ നഗരത്തിലെ ആദ്യ ഡ്രൈവ് ഇൻ കൊവിഡ് വാക്സിനേഷൻ സെന്‍റർ പ്രവർത്തനം ആരംഭിച്ചു. മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും കാറുകളിൽ ഇരുന്ന് കൊണ്ട് തന്നെ വാക്സിൻ എടുക്കാനാകും എന്നതാണ് ഇതിന്‍റെ സവിശേഷത. ജംബോ വാക്സിനേഷൻ സെന്‍ററിലെ ഏഴ് ബൂത്തുകളിൽ രണ്ടെണ്ണമാണ് ഡ്രൈവ് ഇന്നുകളായി പ്രവർത്തിക്കുക.
അയ്യായിരത്തോളം ആളുകൾക്കാണ് കേന്ദ്രത്തിൽ നിന്ന് കുത്തിവയ്പ് നൽകാൻ കഴിയുക. ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്കും ഡ്രൈവ് ഇൻ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കാനാകും. കേന്ദ്രത്തിന്‍റെ നിർദേശ പ്രകാരം വീടുകളിലെത്തി വാക്സിൻ നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ ഡ്രൈവ് ഇൻ കേന്ദ്രങ്ങൾ സ്ഥാപിച്ചതെന്ന് ശിവസേന നേതാവ് രാഹുൽ ഷെവാലെ പറഞ്ഞു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,57,229 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,02,82,833 ആയി. 3,449 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണസംഖ്യ 2,22,408 ആയി ഉയർന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 34,47,133 ആണ്.