മുംബൈ: അര്‍ണബ് ഗോസ്വാമിക്കെതിരായ ക്രിമിനല്‍ മാനനഷ്‌ട ഹര്‍ജി തള്ളി മുംബൈ സെഷന്‍സ് കോടതി. നടന്‍ സുശാന്ത് സിങ് രജ്‌പുത് മരണവുമായി ബന്ധപ്പെട്ട നടത്തിയ ആരോപണങ്ങളിലാണ് റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ മുംബൈ പൊലീസ് ഓഫീസര്‍ ക്രിമിനല്‍ മാനനഷ്‌ട പരാതി നല്‍കിയത്. ഡിസിപി അഭിഷേക് ത്രിമുഖെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പരാതിയില്‍ റിപ്പബ്‌ളിക് ടിവിയുടെ ഉടമസ്ഥതയിലുള്ള എആര്‍ജി ഔട്‌ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡും, കമ്പനി ഡയറക്‌ടറായ ഗോസ്വാമിയുടെ ഭാര്യയും ഉള്‍പ്പെടുന്നു. അര്‍ണബിന്‍റെയും മറ്റുള്ളവരുടെയും ട്വീറ്റുകളില്‍ തന്നെ അപകീര്‍ത്തിപ്പെടുന്ന തരം പരാമാര്‍ശം ഉണ്ടായെന്നാണ് ഡിസിപിയുടെ പരാതി. സിആര്‍പിസി 199(2) പ്രകാരമുള്ള നടപടി ക്രമങ്ങളില്‍ ഡിസിപിയുടെ പരാതി ഉള്‍പ്പെട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. വകുപ്പ് പ്രകാരം പബ്ലിക് പ്രൊസിക്യൂട്ടര്‍ വഴിയാണ് പരാതി നല്‍കേണ്ടിയിരുന്നതെങ്കിലും ഡിസിപി തന്നെയാണ് കേസ് ഫയല്‍ ചെയ്‌തതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി മാസമാണ് അര്‍ണബിനെതിരെ മുംബൈ ഡിസിപി പരാതി നല്‍കിയത്. സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡിസിപിയെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള പ്രസ്‌താവനകള്‍ റിപ്പബ്‌ളിക് ഭാരത് ചാനലിലൂടെയുള്ള ചര്‍ച്ചക്കിടെ ടെലികാസ്റ്റ് ചെയ്‌തിരുന്നുവെന്നാണ് പരാതി. സുശാന്തിന്‍റെ കാമുകി റിയ ചക്രബര്‍ത്തിയുടെ ഫോണ്‍ റെക്കോര്‍ഡ്‌സുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് ഇത്തരം പരാമര്‍ശം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ടെലിക്കാസ്റ്റിന്‍റെ പ്രസക്‌ത ഭാഗങ്ങളും ഗോസ്വാമി ട്വീറ്റ് ചെയ്‌തതായും പരാതിയിലുണ്ട്.